വ്യാജ ലഹരിയുടെ മയക്കത്തിൽ മലയോര ഗ്രാമങ്ങൾ
text_fieldsശ്രീകണ്ഠപുരം: ലോക്ഡൗണിെൻറ ഭാഗമായി മദ്യശാലകൾ അടച്ചതോടെ മലയോരത്ത് അനധികൃത ചാരായ നിർമാണ -വിൽപന സജീവമായി. വൃത്തിഹീനമായ സ്ഥലത്തു ഗുണനിലവാരം കുറഞ്ഞ വ്യാജ ചാരായം നിർമിച്ച് വൻതോതിൽ വിൽപന നടത്തുകയാണ്. ചാരായത്തിെൻറ വീര്യം കൂട്ടുന്നതിനായി മനുഷ്യ ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന വിവിധ വസ്തുക്കളടക്കം ചേർക്കുന്നുണ്ടെന്നാണ് സൂചന.
സ്വകാര്യ ബാറുകളും സർക്കാറിെൻറ മദ്യവിൽപനശാലകളും പൂട്ടിയതോടെയാണ് കർണാടക അതിർത്തി വനമേഖലകളിലടക്കം വ്യാജവാറ്റ് വ്യാപകമായത്. സാധാരണക്കാരായവരെ കൂലിക്ക് െവച്ചാണ് വൻ ലോബികൾ ചാരായ നിർമാണവും വിൽപനയും നടത്തുന്നത്. പയ്യാവൂർ, കാഞ്ഞിരക്കൊല്ലി മേഖലകൾ കേന്ദ്രീകരിച്ച് വൻവാറ്റുകേന്ദ്രങ്ങൾ സജീവമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ചാരായത്തിെൻറ ഒഴുക്കാണ്. ദിനംപ്രതി 2,50-,300 ലിറ്ററോളം ചാരായം ഈ മേഖലയിൽ നിന്ന് പല ഭാഗങ്ങളിലേക്കും കടത്തിക്കൊണ്ടു പോകുന്നുണ്ടെന്നാണ് വിവരം.
ഒരു ലിറ്റർ ചാരായം 1000,-1500 രൂപക്കാണ് വിൽപന നടത്തുന്നത്. വീരാജ്പേട്ടയിൽ നിന്ന് വൻതോതിൽ വിദേശ മദ്യവും ഉടുമ്പപുഴ കടന്ന് ചിറ്റാരി, കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിൽ എത്തുന്നുണ്ട്. മാവോവാദി ഭീഷണിയെ തുടർന്ന് കാഞ്ഞിരക്കൊല്ലി ചിറ്റാരിപുഴയോരത്തെ കർണാടക വനംവകുപ്പിെൻറ ചെക്പോസ്റ്റ് അടച്ചത് മദ്യവിൽപനക്കാർക്ക് ഗുണകരമാവുകയും ചെയ്തു. ചിറ്റാരി കോളനിയോട് ചേർന്നുള്ള അതിർത്തി വനത്തിലും ആൾപാർപ്പില്ലാത്ത സ്ഥലങ്ങളിലുള്ള രഹസ്യ കേന്ദ്രങ്ങളിലുമാണ് വാറ്റ് കേന്ദ്രങ്ങൾ ഏറെയും പ്രവർത്തിക്കുന്നത്. എക്സൈസ് അധികൃതർക്ക് എത്തിച്ചേരാൻ ഏറെ പ്രയാസമുള്ള പ്രദേശമാണ് അതിർത്തി മേഖല. അധികൃതർ പരിശോധനക്ക് എത്താൻ സാധ്യതയുള്ള വഴികളിൽ മൊബൈൽ ഫോണുകളുമായി ഏജൻറുമാരെ നിർത്തിയാണ് ചാരായ ലോബി പ്രവർത്തിക്കുന്നത്.
പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം, ചീത്തപ്പാറ, ആനയടി, കുന്നത്തൂർ, വാതിൽമട എന്നിവിടങ്ങളിലും ചാരായ വിൽപന തകൃതിയാണ്. ആലക്കോട് മേഖലയിലും ഉളിക്കൽ മേഖലയിലും ഇരിട്ടി, കരിക്കോട്ടക്കരി എന്നിവിടങ്ങളിലുമെല്ലാം വ്യാജവാറ്റും വിൽപനയും സജീവമായിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. മയ്യിൽ കുറ്റ്യാട്ടൂർ, വടുവൻ കുളം മേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് പരിശോധന നടത്തി ലിറ്ററുകണക്കിന് വാഷും ചാരായവുമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.
ഏരുവേശ്ശി പഞ്ചായത്തിലെ വലിയ അരീക്കമല, ചാത്തമല, ശ്രീകണ്ഠപുരം നഗരസഭയിലെ ചേപ്പറമ്പ്, പ്ടാരി, ചെങ്ങളായിയിലെ കൊളത്തൂർ, കണ്ണാടിപ്പാറ, നടുവിൽ പഞ്ചായത്തിലെ പോത്തുകുണ്ട് ഭാഗങ്ങളിലും വാറ്റ് കേന്ദ്രങ്ങളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചാരായ വാറ്റ് തകൃതിയായതോടെ എക്സൈസ് സംഘവും ഓട്ടത്തിലാണ്. രണ്ടാഴ്ചക്കുള്ളിൽ ശ്രീകണ്ഠപുരം, ആലക്കോട്, ഇരിട്ടി എക്സൈസ് റേഞ്ചുകൾക്കു കീഴിൽ നിരവധി പരിശോധന നടത്തി വ്യാജവാറ്റു നിർമാണം പിടികൂടിയിട്ടുണ്ട്. കർണാടക വനാതിർത്തിയിലെ വാറ്റു കേന്ദ്രങ്ങളിലെത്താൻ ശ്രമിക്കാറുണ്ടെങ്കിലും കാട്ടാനകൾ അതിന് തടസ്സമാകുന്ന സ്ഥിതിയാണുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മദ്യത്തിനു പിന്നാലെ ലഹരി ഗുളികകളും കഞ്ചാവും എത്തുന്നതും കുറഞ്ഞതോടെയാണ് നാടൻ ചാരായത്തിന് ആവശ്യക്കാരേറിയത്. വരും ദിവസങ്ങളിലും രാപകലില്ലാതെ പരിശോധന നടത്തി വ്യാജവാറ്റിന് തടയിടാനുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.