പച്ചക്കപ്പയല്ല, ഇനി വാട്ട് കപ്പ
text_fieldsശ്രീകണ്ഠപുരം: ജില്ലയിലെ മലമടക്കു ഗ്രാമങ്ങളിലെല്ലാം ഇനി കപ്പ വാട്ടിന്റെ ദിനങ്ങൾ. പച്ചക്കപ്പക്ക് ആവശ്യക്കാർ കുറഞ്ഞതോടെയാണ്, ഇത്തവണ നേരത്തേതന്നെ വിളവെടുത്ത കപ്പ ഉണക്കി സൂക്ഷിക്കാനുള്ള ഒരുക്കം കർഷകർ ആരംഭിച്ചത്. മികച്ച ഭക്ഷ്യവിഭവമായി ഇനി വാട്ട് കപ്പ വീടുകളിലെത്തും.
മുൻകാലങ്ങളിലടക്കം നിരവധി കുടുംബങ്ങൾ ഒന്നിച്ച് ഉത്സവ പ്രതീതിയോടെ കൃഷിയിടത്തിൽത്തന്നെ നടത്തിയിരുന്ന കപ്പ വാട്ടൽ ആളും ബഹളവുമില്ലാതെ വീട്ടുമുറ്റങ്ങളിൽ മാത്രമാണ് ഇത്തവണ നടത്തുന്നത്. കോവിഡ് മാനദണ്ഡം കപ്പ വാട്ടലിലും കർശനമാക്കിയതാണ് കാരണം. പഴയ തലമുറ കർഷകർ രാവിലെ തുടങ്ങിയാൽ പുലരുവോളം കപ്പ വാട്ടിയിരുന്നതായി പ്രായമായവർ പറയുന്നു. കഴിഞ്ഞ വർഷത്തെ കപ്പകൃഷി പലയിടങ്ങളിലും വിളവെടുക്കാതെ ബാക്കി കിടക്കുന്നുണ്ട്.
ഇടവിട്ട് ശക്തമായ മഴ പെയ്തത് വിളവെടുപ്പിനെയും കപ്പ വാട്ടി ഉണക്കിയെടുക്കുന്നതിനെയും ബാധിച്ചിട്ടുണ്ട്. ഇതുമൂലം ഇത്തവണ മരിച്ചീനി കൃഷി പകുതിയിലധികമായി കുറഞ്ഞു. ചിലയിടങ്ങളിൽ കാലംതെറ്റി പെയ്ത മഴയിൽ വയലുകളിൽ വെള്ളം നിറഞ്ഞ് കപ്പകൃഷി പൂർണമായി നശിച്ച സ്ഥിതിയുമുണ്ടായിരുന്നു. മഴയെത്തുടർന്ന് മാസങ്ങൾക്ക് മുമ്പുതന്നെ ഇത്തരം സ്ഥലങ്ങളിൽനിന്നുള്ള കപ്പകൾ വണ്ടികളിൽ കയറ്റി വീടുകളിലെത്തിച്ച് നാമമാത്ര വിലയിൽ വിൽക്കുകയായിരുന്നു. ചെങ്ങളായി, കൊയ്യം, മലപ്പട്ടം മേഖലകളിലെല്ലാം കർഷകരെ രക്ഷിക്കാൻ വിവിധ സംഘടനകളും മറ്റും കപ്പ ചലഞ്ചും നടത്തിയിരുന്നു. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ കൃഷി നടത്തിയവരുടെ കപ്പകളാണ് നിലവിൽ വാട്ടി ഉണക്കാൻ തുടങ്ങിയത്.
പയ്യാവൂർ, ഏരുവേശി, ചെമ്പേരി, അരീക്കാമല, വഞ്ചിയം, കുടിയാന്മല, ഉളിക്കൽ, നടുവിൽ, ഒടുവള്ളി, ആലക്കോട്, ഉദയഗിരി മേഖലകളിലെല്ലാം കപ്പ വിളവെടുത്ത് വാട്ടി ഉണക്കാൻ തുടങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ ഒത്തുചേർന്ന് നടത്തിയ കൃഷിയും ഈ മേഖലയിലുണ്ട്. ഇതിനോടകം തന്നെ എട്ടും പത്തും ക്വിന്റൽ പച്ചക്കപ്പയാണ് പലയിടത്തും വാട്ടിയെടുത്തത്. കടകളിൽ പച്ചക്കപ്പക്ക് 15-18 രൂപ വരെയാണ് വില. കർഷകർക്ക് 12 മുതൽ 15 രൂപവരെ കിട്ടും. തൊഴിലാളികൾക്കു നൽകേണ്ട കൂലിക്കുപോലും ഇതു തികയില്ലെന്നാണ് കർഷകരുടെ പരാതി. വാട്ടി ഉണക്കിയ കപ്പ കടയിൽ 40 -50 രൂപക്ക് കിട്ടും. കർഷകനു ലഭിക്കുന്നതാവട്ടെ
30 രൂപയിൽ താഴെയും. സ്ഥലമൊരുക്കി മൺകൂനയുണ്ടാക്കി കപ്പ നടുന്നതുമുതൽ പറിച്ചെടുക്കും വരെയുള്ള ചെലവ് ഭീമമാണ്. മുമ്പ് പരസ്പര സഹായത്തോടെ നടത്തിയിരുന്ന പണികൾ കോവിഡ് സാഹചര്യത്തിൽ കൂലികൊടുത്തു ചെയ്യിക്കേണ്ടിവരുന്നതും കൃഷിച്ചെലവ് വർധിപ്പിച്ചു. പുറത്തുനിന്നുവരുന്ന കപ്പക്കാണ് ആവശ്യക്കാർ കൂടുതൽ. മലയോരത്തെ മരച്ചീനി കർഷകർക്ക് ഇതും തിരിച്ചടിയായി.ആമ്പക്കാടൻ, സിലോൺ ഇനത്തിൽപെട്ട കപ്പയാണ് കൂടുതലായി മലയോരത്ത് കൃഷി ചെയ്യുന്നത്. വാട്ടി ഉണക്കിയ കപ്പ മാസങ്ങളോളം വീട്ടിൽ സൂക്ഷിച്ച് നല്ല വിലക്ക് വിൽക്കുന്നവരുമുണ്ട്.
കഴിഞ്ഞ ലോക് ഡൗണിൽ ചക്കയുണ്ടാക്കിയ അതേ ഡിമാൻഡ് ഉണക്കക്കപ്പയും നേടി. കർഷകർക്ക് മെച്ചം ലഭിക്കുകയും ചെയ്തു. അന്ന് കിലോക്ക് 80-90-110 രൂപ വരെ ലഭിച്ചതായി കർഷകർ പറയുന്നു. കടകളിൽ മൊത്തമായി വിൽക്കാതെ വീടുകളിൽ വിൽപന നടത്തിയവർക്ക് മാത്രമാണ് കഴിഞ്ഞ വർഷം ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.