സൗരോർജ വേലിയില്ല; കാട്ടാനകളുടെ കാട്ടിക്കൂട്ടലിൽ വലഞ്ഞ് കർഷകർ
text_fieldsശ്രീകണ്ഠപുരം: കാട്ടാനയും മറ്റു വന്യമൃഗങ്ങളും വിളകളെല്ലാം നശിപ്പിക്കുമ്പോൾ കണ്ണീരുമായി നോക്കി നിൽക്കുകയാണ് മലമടക്കുകളിലെ കുടിയേറ്റ കർഷകർ. കാട്ടാനക്കൂട്ടത്തെയടക്കം തടയാൻ സൗരോർജ വേലി പണിയുമെന്ന് പറഞ്ഞിട്ടും ഇതുവരെ പൂർത്തിയായില്ല. പയ്യാവൂർ, ഏരുവേശ്ശി പഞ്ചായത്തുകളിലെ കർഷകരാണ് തീരാദുരിതത്തിലായത്.
ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, ചിറ്റാരി, ഏലപ്പാറ,വഞ്ചിയം, കുടിയാന്മല, മുന്നൂർ കൊച്ചി, ചീത്തപാറ മേഖലകളിലെല്ലാം കൃഷിയിടങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവാണ്. രാപകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി കാവലിരുന്നിട്ടും ഫലമുണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു. പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി നിരവധി കർഷകരുടെ കൃഷിയിടങ്ങളിലെ വിളകൾ പാടെ നശിപ്പിച്ചു. പന്ത്രണ്ടോളം വരുന്ന കാട്ടാനക്കൂട്ടമാണ് പ്രദേശത്തെ കർഷകരുടെ വാഴയും റബർത്തൈകളുമെല്ലാം നശിപ്പിച്ചത്.
കൃഷിയിടം വേലി കെട്ടിത്തിരിച്ച് സംരക്ഷിച്ചാലും ആനക്കൂട്ടം വേലി തകർത്ത് കൃഷിയിടത്തിലെത്തുന്നത് പതിവാണ്. കാട്ടാനശല്യം കൂടാതെ, കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും ഈ മേഖലകളിൽ രൂക്ഷമാണ്. കാട്ടാനകൾ നാട്ടിലേക്കിറങ്ങിയതോടെ നിരവധി കർഷകർ കിട്ടിയ വിലയ്ക്ക് സ്ഥലം വിറ്റ് തങ്ങളുടെ സ്വപ്നഭൂമിയിൽനിന്ന് കുടിയിറങ്ങിയിട്ടുമുണ്ട്. അതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമായി ആടാംപാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റർ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നു. എന്നാൽ, വേലിയില്ലാത്ത മറ്റു ഭാഗങ്ങളിലൂടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
നിലവിൽ കാഞ്ഞിരക്കൊല്ലി മുതൽ ആടാംപാറ വരെയുള്ള ഭാഗങ്ങളിൽ മാത്രമാണ് വേലി കെട്ടുന്നത്. ഇതു കാട്ടാനശല്യമുള്ള എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതോടൊപ്പംതന്നെ കാട്ടാനശല്യം തടയാൻ ഏഴ് കിലോമീറ്റർ തൂക്കുവേലി നിർമിക്കുമെന്ന് തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.