വെള്ളമിറങ്ങിത്തുടങ്ങി; ദുരിതക്കാഴ്ചകൾ ബാക്കി; ഈയാഴ്ച കടകൾ തുറക്കാനാവുമെന്ന് പ്രതീക്ഷ
text_fieldsശ്രീകണ്ഠപുരം: പ്രളയഭീതിക്ക് ശമനമുണ്ടായെങ്കിലും മഴയുടെ ശക്തി കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡും ടൗണും സംസ്ഥാന പാതയുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. എന്നാൽ, ഞായറാഴ്ച രാവിലെയോടെ വെള്ളം ഇറങ്ങി. ചെങ്ങളായിയിലും പൊടിക്കളത്തും ഉൾപ്പെടെ വയലുകളിൽ വെള്ളമുണ്ട്.
ശ്രീകണ്ഠപുരത്ത് കടകളിൽനിന്ന് വെള്ളമിറങ്ങിയതിനാൽ ദുരിതക്കാഴ്ചകളാണ് ബാക്കിയായത്. മാലിന്യവും ചളിയും കെട്ടിനിന്നതിനാൽ വ്യാപാരികൾ അവ വൃത്തിയാക്കി. കടകൾ ശുചീകരിച്ചശേഷം സാമഗ്രികൾ തിരികെയെത്തിച്ചു. കണ്ടെയ്ൻമെൻറ് സോണായതിനാൽ ദിവസങ്ങളോളം അടച്ചിട്ട കടകളിൽ വെള്ളം കൂടിയെത്തിയപ്പോൾ വ്യാപാരികൾക്ക് ദുരിതം വർധിക്കുകയായിരുന്നു. ഈയാഴ്ച കടകൾ തുറക്കാനാവുമെന്നാണ് കരുതുന്നത്. വയലുകളിലും മറ്റും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി വൻ നാശം സംഭവിച്ചു.
ചീത്തപ്പാറയിലും മുന്നൂർ കൊച്ചിയിലും ഉരുൾപൊട്ടി കൃഷിയിടങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. ഇവിടെയും ജനം ഭീതിയിലാണ്. ചെങ്ങളായി കൊവ്വപ്പുറം, മുങ്ങം, തേർലായി ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതിനാൽ ദുരന്തങ്ങളുണ്ടായില്ല. ഇനി വീടുകൾ ശുചീകരിക്കാൻ ഏറെ പാടുപെടണം. ഇറങ്ങിയ വെള്ളം തിരികെവരല്ലേയെന്ന പ്രാർഥനയിലാണ് മലയോര ജനത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.