എങ്ങനെ വിടരാതിരിക്കും; കാക്കപ്പൂ നീലിമയിൽ ഞണ്ടമ്പലം...
text_fieldsശ്രീകണ്ഠപുരം: ഓണത്തെ വരവേൽക്കാൻ ദൃശ്യ നീലിമയുടെ വസന്തം തീർത്ത് കാക്കപ്പൂക്കൾ. ചപ്പാരപ്പടവ് ഞണ്ടമ്പലത്തെ ചെങ്കൽപരപ്പുകളിലാണ് കാക്കപ്പൂ നീലിമ. അത്തം മുതൽ പൂ തേടിയെത്തുന്നവരുടെ തിരക്കാണിവിടെ.
തിരുവോണം വരെ നീല വസന്തം നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. നാട്ടുപൂക്കൾ പലതും അപ്രത്യക്ഷമായ ഇക്കാലത്ത് കാക്കപ്പൂ വിരിഞ്ഞത് പുതുതലമുറക്കും വേറിട്ട കാഴ്ചയായി. സാധാരണ പൂവിരിയാറുള്ള സ്ഥലങ്ങളിലൊന്നും ഇക്കുറി കാക്കപ്പൂ കാണാനില്ല. മടംതട്ട്-പൊന്നുരുക്കിപ്പാറ റോഡിനോട് ചേർന്ന് അവുങ്ങുംപൊയിൽ, നെച്ചിക്കുളം, ഏഴുംവയൽ, കാരക്കുണ്ട് എന്നിവിടങ്ങളിലെല്ലാം മുൻ വർഷങ്ങളിൽ ധാരാളം കാക്കപ്പൂക്കളും മറ്റും വിരിയാറുണ്ടായിരുന്നു.
എന്നാൽ ഇക്കുറി പേരിനു മാത്രമെ പൂക്കളുള്ളൂ. മഴക്കിടയിൽ നീണ്ടവെയിൽ വന്നത് ചെടികളെ ഉണക്കിയതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓണം ആഴ്ചകൾ വൈകിയതും മറ്റൊരു കാരണമാണ്. സാധാരണ കാക്കപ്പൂക്കളോടൊപ്പം വിരിയാറുള്ള കൃഷ്ണപ്പൂവ്, അഴുകണ്ണി, ചൂത് എന്നിവയും ഇക്കുറി കുറവായെ കാണാനുള്ളൂ. ജില്ലയിൽ മാടായിപ്പാറ, മാവിലംപാറ, നാടുകാണി തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി ഇതു തന്നെ. ചെങ്കൽപണകളുടെ ആധിക്യം, വൻ തോതിലുള്ള നിർമാണങ്ങൾ,
വാഹനങ്ങൾ ഓടിച്ചു കയറ്റൽ, കാലാവസ്ഥ വ്യതിയാനം, കൈയേറ്റങ്ങൾ ഇവയെല്ലാം ഓണവസന്തത്തെ നശിപ്പിക്കുകയാണെന്നാണ് പഴയ തലമുറക്കാർ പറയുന്നത്. കാക്കപ്പൂക്കളുടെയും മറ്റും സമ്പന്നമായ ഓർമകളുള്ള നാട്ടിൻ പുറത്തെ ഓണക്കാലം പുതിയ തലമുറക്ക് പഴയ തലമുറ പകർന്നു നൽകുകയാണിപ്പോൾ. നവ മാധ്യമങ്ങളിലും മറ്റും നാട്ടുപൂക്കൾ തിരയേണ്ടി വരുന്ന ഇക്കാലത്ത് നാമമാത്രമായെങ്കിലും കാക്കപ്പൂക്കൾ വിരിയുന്നത് നല്ല പ്രതീക്ഷയാണെന്നാണ് പ്രകൃതി സ്നേഹികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.