വർഷം നാല് കഴിഞ്ഞു പൊലീസുകാർക്ക് സ്ഥലംമാറ്റമില്ല
text_fieldsശ്രീകണ്ഠപുരം: നാലു വർഷം പിന്നിടുമ്പോഴും സംസ്ഥാനത്ത് പൊലീസുകാരുടെ പൊതു സ്ഥലംമാറ്റം വൈകുന്നു. മൂന്ന് വർഷം കൂടുമ്പോഴാണ് സ്ഥലംമാറ്റം നടക്കേണ്ടത്. എന്നാൽ, കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന സ്ഥലംമാറ്റം ലോക്ഡൗണിനെ തുടർന്ന് മുടങ്ങുകയായിരുന്നു. പിന്നീടിതുവരെ ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ല. ജില്ല പൊലീസ് മേധാവിയാണ് പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവിറക്കേണ്ടത്.
നിലവിൽ വിവിധ സ്റ്റേഷനുകളിൽ നാലു വർഷം തുടർച്ചയായി ജോലി ചെയ്യുന്ന നിരവധി പൊലീസുകാരാണുള്ളത്. ചിലർ ഏറെ ദൂരെയുള്ള സ്‌റ്റേഷനുകളിലാണ് ജോലി ചെയ്യുന്നത്. സ്ഥലംമാറ്റം വരുമെന്ന് പ്രതീക്ഷിച്ചതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നു. ഇത് കഴിഞ്ഞതോടെ കോവിഡ് രണ്ടാം തരംഗമെത്തി. തുടർന്ന് വീണ്ടും ലോക്ഡൗണായി. ഇതോടെ പൊതുസ്ഥലം മാറ്റം ലോക്കിൽ കുടുങ്ങി. തെരഞ്ഞെടുപ്പ് സമയത്ത് ജില്ലക്ക് പുറത്തേക്ക് മാറ്റപ്പെട്ട ഓഫിസർമാരുടെ സ്ഥലംമാറ്റവും ഇതുവരെ നടന്നിട്ടില്ല.
എസ്.ഐമാരെയും എസ്.എച്ച്.ഒമാരായ ഇൻസ്പെക്ടർമാരെയും ഡിവൈ.എസ്.പിമാരെയും സ്വന്തം ജില്ലകളിലേക്കാണ് സ്ഥലംമാറ്റേണ്ടത്. യഥാക്രമം ഡി.ഐ.ജിയും ഡി.ജി.പിയുമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കേണ്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓഫിസർമാരെ ജില്ലക്ക് പുറത്തേക്ക് മാറ്റിയത്. കോവിഡും ലോക്ഡൗണും കാരണം സ്വന്തം വീടുകളിലേക്ക് പോകാൻപോലും ഓഫിസർമാർക്ക് കഴിയാത്തത് ഏറെ വിഷമാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗംവഴി പൊതുസ്ഥലംമാറ്റം നടത്തേണ്ടവരുടെ വിവരങ്ങൾ പലതവണ ശേഖരിച്ചിട്ടും വൈകുന്നതിൽ പൊലീസുകാരിൽ അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.