ടൂർ പാക്കേജിന്റെ മറവിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: ഇസ്രായേല്‍ ടൂര്‍ പാക്കേജിന്റെ മറവില്‍ കണ്ണൂർ ജില്ലക്കകത്തും പുറത്തുമായി നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവിന്റെ അറസ്റ്റ് പയ്യാവൂര്‍ പൊലീസ് രേഖപ്പെടുത്തി. തൃശൂര്‍ വാരാന്തപ്പിള്ളി പൊലീസിന്റെ പിടിയിലായി ഇരിങ്ങാലക്കുട സബ്ജയിലില്‍ കഴിയുന്ന കൊല്ലം അടൂര്‍ പെരിങ്ങനാട്ട് പറക്കൂട്ടത്തെ അമ്പനാട്ട് പുത്തന്‍വീട്ടില്‍ സൈമണ്‍ അലക്സാണ്ടറിന്റെ (38) അറസ്റ്റാണ് പയ്യാവൂർ എസ്.ഐമാരായ കെ.വി. രാമചന്ദ്രന്, ബെന്നി എന്നിവര്‍ ജയിലിലെത്തി രേഖപ്പെടുത്തിയത്.
അടൂരിലെ നാച്ചുറല്‍ പാരഡൈസ് ട്രാവല്‍സ് ഉടമയാണിയാള്‍. പയ്യാവൂര്‍ ചമതച്ചാലിലെ ചേന്നാട്ട് ഷാജു തോമസിന്റെ 2,90,000 രൂപയും ആടാംപാറയിലെ പുന്നോലില്‍ ബെന്നി വര്‍ഗീസിന്റെ 3,50,000 രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. ഈ കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് കൂടാതെ കുടിയാന്മല പൊലീസിൽ മൂന്ന് പേരുടെ പണം തട്ടിയതിനും കേസുണ്ട്.
ആലക്കോട്, കോതമംഗലം, വാരാന്തപ്പിള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലും സൈമണ്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ രണ്ടാഴ്ച മുമ്പാണ് വാരാന്തപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഒരു മലയാളം പത്രത്തില്‍ ടൂര്‍ പാക്കേജിന്റെ പരസ്യം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.