ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം; തുറക്കാതെ വാതക ശ്മശാനം
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് പയറ്റടിപറമ്പിൽ സ്ഥാപിച്ച ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായെങ്കിലും ഇതുവരെ ഒരു മൃതദേഹം പോലും ദഹിപ്പിച്ചില്ല. കഴിഞ്ഞ വർഷം നവംബർ 25ന് മന്ത്രി എം.ബി. രാജേഷാണ് വാതക ശ്മശാനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ശ്മശാനത്തിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
അഗ്നിരക്ഷാ സംവിധാനവും ലൈസൻസും ഇല്ലാത്തതുകൊണ്ടാണ് ശ്മശാനം തുറക്കാൻ സാധിക്കാത്തതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. 2017-18 വർഷം ശ്മശാനം നിർമാണം തുടങ്ങിയെങ്കിലും വർഷങ്ങൾ ഇഴഞ്ഞു നീങ്ങിയ പ്രവൃത്തി 2022 - 23 വർഷത്തിലാണ് പൂർത്തിയാക്കിയത്. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പയറ്റടിപ്പറമ്പിലെ തന്നെ പരമ്പരാഗത ശ്മശാനത്തിന് പകരമാണ് ആധുനിക വാതക ശ്മശാനം സ്ഥാപിച്ചത്.
പഞ്ചായത്തിന് സംഭാവനയായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. 2017 മുതൽ വിവിധ ഘട്ടങ്ങളിലായി 1.06 കോടി ചെലഴിച്ചാണ് ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
നിർമാണം പൂർത്തിയാക്കാതെയാണ് ശ്മശാനം ഉദ്ഘാടനം നടത്തുതെന്നാരോപിച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷിന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ അന്ന് പരാതി നൽകിയിരുന്നു. ശ്മശാനത്തിൽ നിയമപ്രകാരം സ്ഥാപിക്കേണ്ട അഗ്നിരക്ഷാ സംവിധാനം ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നതായിരുന്നു യു.ഡി.എഫ് പരാതി. ശ്മശാനം നിർമാണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പഞ്ചായത്ത് വിശദമായ പ്ലാൻ സമർപ്പിച്ചിരുന്നു. അഗ്നിരക്ഷാ സേന വകുപ്പിൽ നിന്നും എൻ.ഒ.സി വാങ്ങിയിരുന്നു. പ്രസ്തുത പ്ലാൻ പ്രകാരം അഗ്നിരക്ഷാ സംവിധാനം ഒരുക്കിയതിന് ശേഷം അന്തിമ അനുമതി നേടേണ്ടതാണ്. എന്നാൽ അഗ്നിരക്ഷാ സംവിധാനങ്ങളോ മറ്റു വകുപ്പുകളുടെ അനുമതികളോ കെട്ടിട നമ്പറോ പോലും ഇല്ലാതെയാണ് ശ്മശാനം ഉദ്ഘാടനം നടത്തിയതെന്നും യു.ഡി.എഫ് അംഗങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്തംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവരായിരുന്നു പരാതി നൽകിയത്.
ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിട്ടും അഗ്നിരക്ഷാ സംവിധാനത്തിന്റെ എസ്റ്റിമേറ്റ് പോലും തയാറാക്കിയില്ലെന്ന് ഇവർ ആരോപിക്കുന്നു. ഇതിനായി 25000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ശ്മശാനത്തിൽ നിർമിച്ചിട്ടുണ്ട്. നിലവിൽ സമീപത്തെ പരമ്പരാഗത ശ്മശാനത്തിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്.
‘ഉദ്ഘാടനം നടത്തിയത് ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ’
പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ആറ് മാസം കഴിഞ്ഞിട്ടും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ട പ്രാരംഭ നടപടി പോലും തുടങ്ങിയിട്ടില്ലെന്നും പയ്യാവൂർ പഞ്ചായത്തംഗവും മുൻ വൈ. പ്രസിഡന്റുമായ ടി.പി. അഷ്റഫ് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ പോലും ശ്മശാനം പ്രവർത്തിപ്പിക്കാനാവില്ല. അഗ്നി രക്ഷാ സംവിധാനം ഒരുക്കി ഫയർ ലൈസൻസ് ലഭിച്ചാലേ കെട്ടിട നമ്പർ പോലും കിട്ടുകയുള്ളു. ഇതിന് ശേഷമേ കളക്ടറുടെ ലൈസൻസിന് അപേക്ഷിക്കുവാൻ സാധിക്കൂ. പഞ്ചായത്ത് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ശ്മശാനം തുറക്കാനാണ് ശ്രമിക്കുന്നതെന്നും അഷ്റഫ് പറഞ്ഞു.
‘നടപടികൾ പുരോഗമിക്കുകയാണ്’
വാതകശ്മശാനം പ്രവർത്തനസജ്ജമാക്കേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. തൊഴിലാളികളുടെ പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. യു.ഡി.എഫ് അംഗങ്ങൾ അനാവശ്യമായി പരാതികൾ നൽകി ശ്മശാനം വേഗത്തിൽ തുറക്കുന്നത് ഇല്ലാതാക്കുകയാണ്. 2017ൽ തുടങ്ങിയ ശ്മശാന നിർമാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിലവിലെ ഭരണ സമിതിയാണ് ഇത് പൂർത്തിയാക്കിയത്. മറ്റ് നടപടി ക്രമങ്ങളും വേഗത്തിലാക്കി ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.