ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് വിദ്യാർഥികളെ വിശ്വസിപ്പിച്ച് സ്വർണം തട്ടി; മദ്റസ അധ്യാപകനെതിരെ കേസ്
text_fieldsശ്രീകണ്ഠപുരം: ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് മദ്റസ വിദ്യാർഥികളെ ഉപയോഗിച്ച് അധ്യാപകൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പരാതി. നാലുപേരുടെ പരാതിയിൽ ഉളിക്കൽ നുച്ചിയാട്ടെ ഒരു മദ്റസയിലെ അധ്യാപകൻ അബ്ദുൽ കരീമിനെതിരെ പൊലീസ് കേസെടുത്തു. കോളിത്തട്ടിൽ താമസക്കാരനായ അബ്ദുൽ കരീം നിരവധി വീടുകളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് ഉളിക്കൽ പൊലീസ് പറഞ്ഞു.
നുച്ചിയാട്ടെ തെക്കേവീട്ടിൽ മുഹമ്മദ് ഷഫീഖിെൻറ വീട്ടിൽനിന്ന് സ്വർണാഭരണം മോഷണം പോയ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്.വീട്ടിലെത്തി പരിശോധിച്ചപ്പോൾ മോഷണ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെ മദ്റസ വിദ്യാർഥിയോട് കാര്യങ്ങൾ തിരക്കിയത്. ഇതോടെയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്.
വീട്ടുകാരറിയാതെ സ്വർണാഭരണങ്ങൾ കൊണ്ടുവന്നാൽ ദൈവത്തെ കാണിച്ചുതരുമെന്നും ദിവ്യാത്ഭുതം നടക്കുമെന്നും പുറത്തു പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നും അധ്യാപകൻ പറഞ്ഞതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാർഥി പൊലീസിന് മൊഴി നൽകിയത്. കേസെടുത്തതറിഞ്ഞതോടെ, പരാതിക്കാരുമായി ബന്ധപ്പെട്ട് ദിവ്യശക്തിയിലൂടെ കാണാതായ സ്വർണം തിരിച്ചെത്തിക്കുമെന്നു പറഞ്ഞ് ചില വിദ്യകളും ഇയാൾ പ്രയോഗിച്ചിരുന്നു.
സംഭവം പുറത്തായതോടെയാണ് പ്രദേശവാസിയായ പള്ളിപ്പാത്ത് മൊയ്തുവടക്കം മൂന്നുപേർ കൂടി പരാതി നൽകിയത്. അബ്ദുൽ കരീം ഇപ്പോൾ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.