ചുറ്റിക്കറങ്ങാൻ സർക്കാർ വണ്ടികൾ; നടപടിയെടുക്കാൻ ആരുമില്ല
text_fieldsശ്രീകണ്ഠപുരം: സർക്കാർ വാഹനങ്ങളിൽ ഉദ്യോഗസ്ഥരുടെ ചുറ്റിക്കറങ്ങൽ വർധിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം. കർശന ഉത്തരവ് നിലനിൽക്കെയാണ് സംസ്ഥാനത്താകെ സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തകൃതിയായിട്ടുള്ളത്.
നിലവിൽ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. വിവിധ വകുപ്പുകളിലെല്ലാം സ്ഥാപന മേധാവികളും ജനപ്രതിനിധികളും സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായാണ് കണ്ടെത്തൽ. ധനകാര്യ പരിശോധന വിഭാഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് സ്ഥിതി.
ധനകാര്യ പരിശോധന വിഭാഗം (നോൺ ടെക്നിക്കൽ എഫ്) 2008 ആഗസ്റ്റ് രണ്ടിന് 41/2009 നമ്പറായി ഇറക്കിയ ഉത്തരവ് പ്രകാരമാണ് സർക്കാർ വാഹന ദുരുപയോഗം കർശനമായി തടഞ്ഞിട്ടുള്ളത്. നേരത്തേ ഇത്തരം സ്ഥിതി ശ്രദ്ധയിൽപെട്ടതിനാലാണ് ഉത്തരവിറക്കി കർശന നിർദേശം നൽകിയിരുന്നത്.
പലരും സർക്കാർ വണ്ടിയിൽ ചുറ്റിക്കറങ്ങുന്നതിനാൽ ആര് ആർക്കെതിരെ നടപടിയെടുക്കുമെന്ന ചോദ്യമാണുയരുന്നത്. ഉത്തരവിറക്കിയ ശേഷം പല തവണ പരിശോധന നടത്തിയെങ്കിലും ഇതിന് കുറവുണ്ടായില്ല. കൈയോടെ പിടികൂടിയിട്ടും നടപടിയെടുക്കുന്നതിന് സംഘടന പിൻബലം തടസ്സമാവുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിലും പൊലീസിലുമെല്ലാം ഇത്തരം സംഭവം ആവർത്തിച്ചതോടെയാണ് വ്യാപക പരാതികൾ വീണ്ടും ഉയർന്നിട്ടുള്ളത്.
ഉദ്യോഗസ്ഥരെ താമസ സ്ഥലത്തു നിന്ന് ഓഫിസിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നതിന് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രധാന വകുപ്പ് തലവന്മാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് ഇത് ബാധകമല്ല. സർക്കാർ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ.
ഷോപ്പിങ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സിനിമ തിയറ്റർ, മാർക്കറ്റ്, ആരാധനാലയം, വിവാഹം, കുട്ടികളെ സ്കൂളിൽ കൊണ്ടുവിടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാർ വണ്ടി ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. വണ്ടിയിൽ ലോഗ് ബുക്ക് സൂക്ഷിച്ച് അതിൽ യാത്രയുടെ തുടക്കവും അവസാനിച്ച സ്ഥലവും കി.മീറ്റർ ദുരവും ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ വിവരങ്ങളുമെല്ലാം രേഖപ്പെടുത്തണം.
നിയന്ത്രണാധികാരമില്ലാത്തവർ വണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിൽ അനുമതിപത്രവും ലോഗ് പുസ്തകത്തിൽ ചേർക്കണം. വണ്ടിയുടെ മുന്നിലും പിന്നിലുമുള്ള ബോർഡ് മറച്ച് യാത്ര ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ദുരുപയോഗം തുടരുന്നതിനാലാണ് വിവിധ വകുപ്പുകൾക്കെതിരെ ആക്ഷേപം ശക്തമായത്. പലരും പാർട്ടി യോഗങ്ങൾക്കും പരിപാടികൾക്കും വിവാഹത്തിനും സർക്കാർ വണ്ടിയാണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം ഇത്തരം പരാതികൾ നേരത്തേ തന്നെ വ്യാപകമാണ്. വിവിധ ഓഫിസുകളിൽ മേലുദ്ദ്യോഗസ്ഥർ വണ്ടിയുമായി പോകുന്നതിനാൽ ഓഫിസുകളിലെ അത്യാവശ്യകാര്യങ്ങൾക്ക് പോലും പലപ്പോഴും വണ്ടി കിട്ടുന്നില്ലെന്നാണ് മറ്റ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ഉത്തരവ് കർശനമായി നടപ്പാക്കാനുള്ള ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശ്രമവും പാതിവഴിയിലാവുകയാണ്. സ്വന്തം വണ്ടിയില്ലാത്ത ഓഫിസുകളിൽ ടാക്സി വണ്ടികൾ വാടകക്കെടുത്ത് സർക്കാർ ബോർഡ് വെച്ചും ഓടുന്നുണ്ട്. ഇത്തരം വണ്ടികളും അവധി ദിവസങ്ങളിലടക്കം സർക്കാർ ബോർഡിൽ ഓട്ടം നടത്തുന്നതായി വിജിലൻസിനടക്കം വിവരം ലഭിച്ചിട്ടുണ്ട്.
വിജിലൻസ് പിടികൂടിയാലും നടപടി ശിപാർശ ചെയ്യുന്നതോടെ അതും ഒന്നുമാവാതെ നിക്കുമെന്നതാവും സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.