മൂന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾക്ക് കോൺഗ്രസിൽ ഗ്രൂപ് പോര്
text_fieldsശ്രീകണ്ഠപുരം: കോണ്‍ഗ്രസ് പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കേ എ ഗ്രൂപ്പിന്റെ പക്കലുള്ള മൂന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പിടിക്കാൻ മൂന്നാം ഗ്രൂപ്പിന്റെ നീക്കം. വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് എ ഗ്രൂപ്പും രംഗത്തെത്തി. ജില്ലയില്‍ ശ്രീകണ്ഠപുരം, ആലക്കോട്, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിക്കണമെന്നാണ് മൂന്നാം ഗ്രൂപ് ആവശ്യപ്പെട്ടത്.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പാണ് മൂന്നാം ഗ്രൂപായി അറിയപ്പെടുന്നത്. ജില്ലയില്‍ സജീവ് ജോസഫ് എം.എല്‍.എയാണ് ഈ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. സജീവ് ജോസഫിന്റെ അനുയായികളായ മൂന്നു നേതാക്കന്മാരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കാനാണ് നീക്കം. വർഷങ്ങളായി ഈ മൂന്ന് ബ്ലോക്കുകളും എ ഗ്രൂപ്പിന്റേതാണ്.
1990ലാണ് കോണ്‍ഗ്രസില്‍ അവസാനമായി സംഘടന തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതല്‍ ഈ ബ്ലോക്കുകള്‍ എ ഗ്രൂപ്പിന്റെ കൈവശമാണ്. ശ്രീകണ്ഠപുരത്ത് എം.ഒ. മാധവനും ആലക്കോട് ദേവസ്യ പാലപ്പുറവും തളിപ്പറമ്പില്‍ എം.വി. രവീന്ദ്രനുമാണ് നിലവില്‍ പ്രസിഡന്റുമാര്‍. ഇവർ തുടരട്ടേയെന്നാണ് എ ഗ്രൂപ്പ് മുന്നോട്ടുവെച്ച നിർദേശം.
തളിപ്പറമ്പില്‍ രവീന്ദ്രൻ മാറുകയാണെങ്കിൽ എന്‍.ജി.ഒ അസോസിയേഷന് മുന്‍ ജില്ല പ്രസിഡന്റ് കെ. രാമകൃഷ്ണനെ പ്രസിഡന്റാക്കണമെന്നും അവർ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ, ശ്രീകണ്ഠപുരത്ത് ഡി.സി.സി അംഗം കെ.പി. ഗംഗാധരനെയും ആലക്കോട് ജോസഫ് വട്ടമലയെയും തളിപ്പറമ്പിൽ നൗഷാദ് ബ്ലാത്തൂരിനെയും പ്രസിഡന്റുമാരാക്കണമെന്ന ആവശ്യവുമായാണ് മൂന്നാം ഗ്രൂപ്പ് മുന്നോട്ടുവന്നിട്ടുള്ളത്.
കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസിനാണ് ജില്ലയുടെ ചുമതല. സമ്മര്‍ദമെന്ന നിലയില്‍ മൂന്നു ബ്ലോക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും അവസാനം ഒരു ബ്ലോക്കെങ്കിലും എ ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് മൂന്നാം ഗ്രൂപ്പുള്ളത്. കെ.സി. വേണുഗോപാൽ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മൂന്നാം ഗ്രൂപ്പുകാർക്ക് ഉറപ്പുനൽകിയതായും സൂചനയുണ്ട്.
എന്നാല്‍, സംസ്ഥാന സമവായ കമ്മിറ്റിയിലെ പ്രമുഖനായ മുന്‍ ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫ് ഒരു കാരണവശാലും എ ഗ്രൂപ്പിന്റെ കൈയിലുള്ള സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന കര്‍ശന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ഇക്കാര്യം നേതാക്കളോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ഇരിക്കൂർ മണ്ഡലം എ ഗ്രൂപ്പിന്റെ തട്ടകമായിട്ടും അത് കഴിഞ്ഞ തവണ മൂന്നാം ഗ്രൂപ്പ് പിടിച്ചുവാങ്ങിയത് നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ കോലാഹലങ്ങൾക്കിടയാക്കിയിരുന്നു.
പിന്നീട് ഒറ്റക്കെട്ടായി നീങ്ങിയെങ്കിലും തുടർന്നും ഒളിഞ്ഞും തെളിഞ്ഞും എ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും പോര് തുടരുന്നുണ്ടായിരുന്നു. മണ്ഡലത്തിൽ എ ഗ്രൂപ്പിനെ ക്ഷയിപ്പിക്കാനാണ് മൂന്നാം ഗ്രൂപ്പിന്റെ നീക്കമെന്ന ആരോപണവും പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പുതിയ നീക്കവും ഗ്രൂപ്പുകളി ശക്തമാകുന്നതിലേക്കാണ് കാര്യങ്ങളെത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.