നിസ്സഹയരായി കുടിയേറ്റ കർഷകർ
text_fieldsശ്രീകണ്ഠപുരം: കാട്ടാനയും പന്നിയും കുരങ്ങുമെല്ലാം കൃഷിയിടവും കഴിഞ്ഞ് വീട്ടുമുറ്റം വരെയെത്തിയതോടെ നിസ്സഹായരായി കുടിയേറ്റ കർഷകർ. വിളനാശത്തിനു പുറമെ മനുഷ്യ ജീവനുകൾ കൂടി കവരാൻ തുടങ്ങിയതോടെ ഇനിയെന്തെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അതിർത്തി മലമടക്കു പ്രദേശങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യമൃഗശല്യം നിലവിൽ എല്ലായിടത്തും എത്തിയിരിക്കുകയാണ്. ജില്ലയിൽ 2020നു ശേഷം മാത്രം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് 10 ജീവനുകളാണ്.
ഇതിൽ വനംവകുപ്പിന്റെ കൊട്ടിയൂർ റേഞ്ചിനു കീഴിൽ ആറളം ഫാമിൽ മാത്രം ആറുപേരും പെരിങ്കരി, പന്ന്യാൻമല എന്നിവിടങ്ങളിൽ ഓരോ ആളുകളും തളിപ്പറമ്പ് റേഞ്ചിനു കീഴിൽ ചെറുപുഴയിലും ഉളിക്കലിലുമായി രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജില്ല വനംവകുപ്പ് അധികൃതർ പറഞ്ഞു. മുൻ വർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വേറെയും. പുറമെ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണത്തിൽ പരിക്കേറ്റവർ നിരവധിയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാമമാത്ര നഷ്ടപരിഹാരമാണ് ലഭിച്ചത്.
പരിക്കേറ്റവർക്കാണെങ്കിൽ അതുപോലുമില്ല. കൃഷിനാശത്തിനും മതിയായ സഹായമില്ല. കർഷകർക്ക് കടബാധ്യത മാത്രം ബാക്കി. ജില്ലയിൽ പയ്യാവൂർ ചന്ദനക്കാംപാറ, ആടാംപാറ, ഷിമോഗ, ഏരുവേശി വഞ്ചിയം, ആലക്കോട് ചീക്കാട്, ചെറുപുഴ, ഉളിക്കൽ, ആറളം എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. കർണാടക വനമേഖലയിൽ നിന്നാണ് ആനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നത്. രാത്രികാലങ്ങളിൽ ആന ഇറങ്ങിയാൽ വനപാലകരെ വിവരമറിയിച്ചാലും ഫലമുണ്ടാവുന്നില്ല. എത്തിപ്പെടാൻ കഴിയാത്തതും മലയോരത്ത് സ്വന്തം ഓഫിസില്ലാത്തതും തിരിച്ചടിയാവുകയാണ്.
കാട്ടാനശല്യം പതിവായതോടെ പയ്യാവൂരിലെ കർണാടക അതിർത്തി മേഖലകളിൽ രണ്ട് മാസം മുമ്പാണ് സൗരവേലിയൊരുക്കിയത്. എന്നിട്ടും കാട്ടാനക്കൂട്ടം ഇറങ്ങുന്നതിൽ കുറവുണ്ടായിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച പയ്യാവൂരിൽ വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് സംഘം എത്തിയാണ് നാട്ടിലിറങ്ങിയ ആനകളെ തുരത്തിയത്. രണ്ടാഴ്ച പിന്നിടുമ്പോഴാണ് പയ്യാവൂരിൽ നിന്ന് അധികം ദൂരമില്ലാത്ത ഉളിക്കലിൽ കാട്ടാനയിറങ്ങി ഭീതി പരത്തിയതും ഒരു ജീവൻ കവർന്നതും. വന്യമൃഗശല്യം സഹിക്കവയ്യാതെ മലയോര ഗ്രാമങ്ങളിൽ നിന്ന് നിരവധി കർഷക കുടുംബങ്ങളാണ് ഇതിനോടകം തുച്ഛമായ വിലക്ക് കിടപ്പാടം വിറ്റൊഴിഞ്ഞു പോയത്.
വനം വകുപ്പ് കർശന നടപടി തുടരും -ഡി.എഫ്.ഒ
കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ശക്തമായ നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും ഉളിക്കലിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്നും ഡി.എഫ്.ഒ ജി. കാർത്തിക് ‘മാധ്യമ’ത്തോട് പറഞ്ഞു. കാട്ടാനയും മറ്റ് ജീവികളും കൃഷിയിടത്തിലേക്കും മറ്റും വരുന്നത് തടയാൻ നിലവിലെ നിയമവും സംവിധാനവും അനുസരിച്ചുള്ള നടപടി സ്വീകരിക്കുന്നുണ്ട്. ആനയിറങ്ങുമ്പോൾ അധികൃതരുടെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും ജാഗ്രത കൈവിട്ടാൽ അപകടം വിളിച്ചു വരുത്തലാകുമെന്നും കർശന നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.