ഇവിടെയുണ്ട് പ്രിയ നടന് സ്മാരകമായി ഒരു വായനശാല
text_fieldsശ്രീകണ്ഠപുരം: വെള്ളിത്തിരയിലെ വിസ്യമായിരുന്ന അനശ്വര നടൻ സത്യൻ വിടവാങ്ങിയിട്ട് അരനൂറ്റാണ്ട്. സത്യനേശൻ നാടാർ എന്ന സത്യൻ വിടവാങ്ങിയെങ്കിലും അദ്ദേഹത്തിൻെ റ ഓർമ നിലനിർത്താൻ കണ്ണൂരിലെ മലയോരത്ത് ഒരു വായനശാലയുണ്ട്. ശ്രീകണ്ഠപുരം നഗരസഭയിലെ ഉൾപ്രദേശമായ അലക്സ് നഗറിലാണ് (ചെരിക്കോട്) സത്യൻ സ്മാരക വായനശാല തലയെടുപ്പോടെ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് ഒരിടത്തുമില്ലാത്ത ഒരു സ്മാരകമാണ് സത്യനുവേണ്ടി ഇവിടെയുള്ളതെന്നറിയുന്നവർ വിരളം. 1971 ലാണ് സത്യൻ വിടവാങ്ങിയത്.1972ലാണ് ഒരു കൂട്ടം ആരാധകർ ചേർന്ന് അലക്സ് നഗർ സത്യൻ സ്മാരക വായനശാലക്ക് ജന്മം നൽകിയത്. കൊയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ രക്ഷാധികാരിയും മുകളേൽ ജോസഫ് പ്രസിഡൻറും പറമ്പേത്ത് സ്റ്റീഫൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് വായനശാലയുടെ പിറവിക്ക് നേതൃത്വം വഹിച്ചത്.
ഒരു സിനിമ താരത്തിൻെറ സ്മരണയിൽ വായനശാല പ്രവർത്തിക്കുന്നത് അന്ന് ഏറെ ചർച്ചയാവുകയും എതിർപ്പുയരുകയും ചെയ്തെങ്കിലും ഭാരവാഹികൾ പിന്മാറിയില്ല. വായനയും കലയും കായികമേഖലയും മുന്നോട്ടുകൊണ്ടുപോകുന്ന കേന്ദ്രമായി ഇതു മാറ്റുമെന്ന് അവർ പ്രഖ്യാപിച്ചു. അതുതന്നെ സംഭവിക്കുകയും ചെയ്തു. വായനശാല ഇന്ന് ജില്ലയിലെ പ്രധാന സാംസ്കാരിക കേന്ദ്രമാണ്. 10,500 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. കോവിഡ് കാലത്തും മാനദണ്ഡങ്ങൾ പാലിച്ച് മുടങ്ങാത്ത വായനക്കുള്ള സൗകര്യം. കുട്ടികൾക്കായി ബാലവേദി പ്രവർത്തിക്കുന്നുണ്ട്. വനിതവേദി, യുവജനവേദി, സ്പോർട്സ് ക്ലബ്, ആർട്സ് ക്ലബ് എന്നിവയും പ്രവർത്തിക്കുന്നു.
നാട്ടിലെ കലാകാരന്മാരെ പങ്കെടുപ്പിച്ച് 15 നാടകങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ട്. സത്യൻെറ ജന്മദിനവും ചരമവാർഷിക ദിനവും എല്ലാ വർഷവും വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. സന്നദ്ധ പ്രവർത്തനങ്ങളിലും വായനശാല പ്രവർത്തകർ മുന്നിലുണ്ട്. മികച്ച ലൈബ്രറിക്കുള്ള കെ.സി. മാധവൻ മാസ്റ്റർ മെമ്മോറിയൽ അവാർഡ്, സംസ്ഥാനത്തെ മികച്ച ബാലവേദിക്കുള്ള പി. രവീന്ദ്രൻ പുരസ്കാരം, പിന്നാക്ക പ്രദേശത്തെ മികച്ച ലൈബ്രറിക്കുള്ള എൻ.ഇ. ബാലറാം പുരസ്കാരം, അക്ഷര ജ്വാല പുരസ്കാരം, ഡോക്യുമെേൻറഷൻ അവാർഡ് എന്നിവ വായനശാലയെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതു മാത്രം.
വായനശാലയുടെ സിൽവർ ജൂബിലി വേളയിൽ സത്യൻെറ മകൻ സതീഷ് സത്യൻ വായനശാല സന്ദർശിച്ച് പ്രവർത്തകരെ അഭിനന്ദിക്കുകയും പിന്തുണയറിയിക്കുകയും ചെയ്തിരുന്നു. എം. ബാലൻ പ്രസിഡൻറും ജോബി മാത്യു സെക്രട്ടറിയുമായ കമ്മിറ്റിയാണ് വായനശാലയെ നിലവിൽ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.