മലയോര ഹൈവേ ബലപ്പെടുത്തൽ അന്തിമഘട്ടത്തിൽ
text_fieldsശ്രീകണ്ഠപുരം: മലയോര ഹൈവേയിൽ പയ്യാവൂരിനും ഉളിക്കലിനും ഇടയിൽ മുണ്ടാനൂർ എസ്റ്റേറ്റിന് സമീപം പുഴയിലേക്കിടിഞ്ഞ ഭാഗം പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. ഹൈവേ ഇടിഞ്ഞ് ഒരുവർഷത്തിനുശേഷമാണ് കഴിഞ്ഞ ആഗസ്റ്റിൽ പുനഃസ്ഥാപിക്കൽ പണി തുടങ്ങിയത്. 2020 ആഗസ്റ്റ് 10നാണ് കാലവർഷത്തിൽ ഹൈവേ പുഴയെടുത്തത്. റോഡ് പിളർന്ന് വൻ അപകടക്കെണിയായതിനാൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ചെറിയ വാഹനങ്ങൾപോലും ഏറെ പണിപ്പെട്ടാണ് പോയിരുന്നത്.
ഇവിടെ പണി നടത്തി ഗതാഗതയോഗ്യമാക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് ഒരുവർഷത്തിനുശേഷം സർക്കാർ നിർദേശം വന്നതോടെ നേരത്തെ പ്രവൃത്തി നടത്തിയ ഊരാളുങ്കൽ സൊസൈറ്റി റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയത്.
റോഡിലെ തകർന്ന ഭാഗത്തെ ടാറിങ്ങും മണ്ണും നീക്കം ചെയ്യലാണ് ആദ്യം നടത്തിയത്. പിന്നാലെ അടിഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ തെങ്ങിൻതടികൾ നിരത്തി മണ്ണിട്ടുറപ്പിക്കുന്ന 'കോക്കനട്ട്' പൈലിങ്ങും നടത്തി. യന്ത്രമുപയോഗിച്ച് മണ്ണുനീക്കിയാണ് ഈ പ്രവൃത്തി നടത്തിയത്. കഴിഞ്ഞ വർഷം ഇവിടെ ഭൂമി കുഴിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ശാസ്ത്രീയ അഭിവൃദ്ധിപ്പെടുത്തൽ നടത്തുന്നത്. അടിഭാഗം കുഴിച്ച് കോൺക്രീറ്റ് ചെയ്ത് പുഴയോരത്ത് ഭിത്തിയും നിർമിച്ചാണ് നിലവിൽ റോഡ് ടാറിങ് തുടങ്ങിയത്.
അപകടത്തിൽ ഇവിടെ മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴഭാഗത്തേക്ക് തെന്നിമാറിയ നിലയിലായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി കാലവർഷം കനക്കുമ്പോൾ ഇവിടെ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും പതിവാണ്. മലവെള്ളപ്പാച്ചിലിൽ മലയോര ഹൈവേയിൽ മുണ്ടാനൂരിനും തോണിക്കടവിനും ഇടയിലാണ് പുഴ റോഡിനെ കവരുന്നത്. എന്നിട്ടും അധികൃതർ ഈ ഭാഗം ശാസ്ത്രീയമായി ബലപ്പെടുത്താൻ അന്ന് തയാറായിരുന്നില്ല.
അപകടത്തെത്തുടർന്ന്, പയ്യാവൂർ ഭാഗത്തുനിന്നും ഉളിക്കൽ -ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചമതച്ചാൽ - വാതിൽമട -മുണ്ടാനൂർ വഴിയാണ് കടത്തിവിട്ടിരുന്നത്. ബദൽ മാർഗമായ റോഡിന് വീതിക്കുറവും വളവുമുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി എളുപ്പത്തിൽ പോകാനാവില്ല. വേഗത്തിൽ പണി പൂർത്തിയാക്കി മലയോര
ഹൈവേയിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ശാസ്ത്രീയമായുള്ള അഭിവൃദ്ധിപ്പെടുത്തലാണ് ഇവിടെ നടക്കുന്നതെന്നും മഴ കാരണമാണ് പണി അല്പം വൈകിയതെന്നും അന്തിമഘട്ടത്തിലാണുള്ളതെന്നും ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.