ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി
text_fieldsശ്രീകണ്ഠപുരം: ക്രഷറിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്ഫോടക ശേഖരം പൊലീസ് പിടികൂടി. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിലാണ് പിടിച്ചത്. ചേപ്പറമ്പ് മഞ്ഞളാംകുന്നിലെ മേമി ഗ്രാനൈറ്റ് ക്രഷറില്‍ വെള്ളിയാഴ്ച് വൈകീട്ട് മുതല്‍ രാത്രി 11 വരെ നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം പിടിച്ചെടുത്തത്.
ക്രഷറില്‍ സ്ഫോടക ശേഖരം സൂക്ഷിക്കേണ്ടത് മെഗ്സിന് എന്നറിയപ്പെടുന്ന ഇരുമ്പ് പെട്ടിക്കകത്താണ്. ക്രഷറിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട വാനിലായിരുന്നു ഇവിടെ സ്ഫോടക ശേഖരം സൂക്ഷിച്ചു വെച്ചത്.
രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘം വാനിൽ നിന്നാണ് സ്ഫോടകശേഖരം പിടിച്ചെടുത്തത്. 12 പെട്ടികളിലായി സൂക്ഷിച്ച 300 കിലോ ജലാറ്റിന്‍ സ്റ്റിക്ക്, 1000 മീറ്റര്‍ സേഫ്റ്റി ഫ്യൂസ്വയര്‍, പത്ത് പെട്ടികളിലായി സൂക്ഷിച്ച 4000 ഡിറ്റണേറ്റര്‍ എന്നിവയാണ് പിടിച്ചത്. മൂന്ന് തരത്തിലുള്ള ഡിറ്റണേറ്റര്‍ പിടികൂടിയവയിലുണ്ടായിരുന്നു. അനധികൃത സ്ഫോടകശേഖരവും സൂക്ഷിച്ച വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തുക്കള്‍ കൊണ്ടുവരുന്ന വാനാണിത്. സംഭവത്തിൽ ക്രഷർ ഉടമ ഇരിക്കൂറിലെ സിയാദിനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐ എ.വി. ചന്ദ്രന്, എ.എസ്.ഐ സി.പി. സജിമോന്‍, സീനിയര്‍ സി.പി.ഒമാരായ കെ. സജീവന്, സി.കെ. രജീഷ്, ഡ്രൈവര്‍ നവാസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പിടിച്ചെടുത്ത വാഹനവും സ്ഫോടക ശേഖരവും കോടതിയില്‍ ഹാജരാക്കി. പറമ്പില്‍ വാഹനത്തില്‍ അനധികൃതമായി സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. സ്ഫോടകവസ്തു വാങ്ങിയതിന്റെയും മറ്റും രേഖകള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. ഉടമയെ അറസ്റ്റ് ചെയ്ത ശേഷം തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.