നിയമനങ്ങളില്‍ ക്രമക്കേടെന്ന്; നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം
text_fieldsശ്രീകണ്ഠപുരം: നഗരസഭയിലെ സ്വീപ്പർ, അംഗൻവാടി, വിവിധ ആശുപത്രികളിലെ ജീവനക്കാർ, ആശാവർക്കർമാർ, ഡ്രൈവർമാർ എന്നീ നിയമനങ്ങളിൽ ക്രമക്കേടെന്നാരോപിച്ച് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. കൈക്കൂലി വാങ്ങിയും സ്വജനപക്ഷപാതം കാണിച്ചുമാണ് നിയമനം നടത്തിയതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നിയമന വിവാദം ചര്‍ച്ച ചെയ്യുന്നതിന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, 19 അജണ്ടകളിൽ ഏറ്റവും അവസാനമായാണ് ഇത് ഉൾപ്പെടുത്തിയത്. യോഗത്തില്‍ ഈ അജണ്ട ആദ്യം പരിഗണിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
ഇതിന് നഗരസഭ ചെയര്പേഴ്സൻ അനുമതി നല്‍കിയില്ല. ഇതോടെ അജണ്ടയിലെ 19 കാര്യങ്ങളും ഒറ്റ മിനിറ്റുകൊണ്ട് വായിച്ചുതീര്‍ത്ത് യോഗം അവസാനിപ്പിച്ചെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്.
രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങി സ്വീപ്പര്‍ നിയമനവും മഹിള കോണ്‍ഗ്രസ് നേതാക്കളുടെ നിയമനവും ചർച്ച ചെയ്യാതെ അംഗീകരിച്ചെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി.
നഗരസഭ വൈസ് ചെയര്‍മാന്റെ ഭാര്യയുടെയും കൗണ്‍സിലറുടെ ഭാര്യയുടെയും അംഗൻവാടി വര്‍ക്കര്‍ നിയമനവും ചര്‍ച്ച ചെയ്യുന്നതിന് യോഗം അനുവദിച്ചില്ലെന്നും ഇവർ അറിയിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
എൽ.ഡി.എഫ് രാഷ്ട്രീയ നാടകം കളിക്കുന്നു
എൽ.ഡി.എഫ് കുറച്ചു ദിവസങ്ങളായി നഗരസഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ഭരണസമിതി അംഗങ്ങൾ അറിയിച്ചു. അടിയന്തര കൗൺസിൽ യോഗം വിളിക്കാൻ ചട്ടങ്ങൾ പാലിക്കാതെയാണ് എൽ.ഡി.എഫ് കത്തുനൽകിയത്. സ്വീപ്പർ നിയമനം നടത്തിയെന്നാണ് വിഷയം പറഞ്ഞത്.
എന്നാൽ, ഇവിടെ നടന്നത് കണ്ടിൻജന്റ് നിയമനമാണ്. എന്നാലും കൗൺസിൽ വിളിക്കുകയും നഗരസഭയുടെ അടിയന്തര വിഷയങ്ങൾ 18 അജണ്ടകളായും പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ആവശ്യം 19ാമത്തെ അജണ്ടയായും പരിഗണിച്ചു. പക്ഷേ, വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന് വാശിപിടിച്ച് എൽ.ഡി.എഫ് പ്രക്ഷോഭം തുടങ്ങുകയാണ് ചെയ്തത്. ക്രമപ്രകാരമുള്ള അജണ്ട ചർച്ച ചെയ്യാൻ പ്രതിപക്ഷ കൗൺസിലർമാർ തയാറാകാത്തതിനാൽ 18 അജണ്ടകൾ വായിച്ച് ഭൂരിപക്ഷ അംഗങ്ങൾ പാസാക്കുകയും ചെയ്തു. തുടർന്ന് 19ാമത്തെ അജണ്ട ചർച്ച ചെയ്യാനെടുത്തു.
എന്നാൽ, എൽ.ഡി.എഫ് കൗൺസിലർമാർ ചർച്ച ചെയ്യാതെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. തുടർന്ന് അടിസ്ഥാനരഹിതമായ ആരോപണമായതിനാൽ ചെയർപേഴ്സൻ വിഷയം തള്ളിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു.
ഈ ഭരണസമിതി വന്നതിനുശേഷം നടത്തിയ 37 നിയമനങ്ങളും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് അയച്ചുതന്ന ലിസ്റ്റിൽനിന്നാണ് ഇന്റർവ്യൂ ബോർഡ് നിയമിച്ചതെന്നും ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, വി.പി. നസീമ, കെ.സി. ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.