കൊറോണ വസന്തമല്ല; ഇത് 'കടമ്പിൻ' പൂക്കാലം
text_fieldsശ്രീകണ്ഠപുരം: റോഡരികിലെ പൂക്കൾകണ്ട് യാത്രികരിൽ ചിലർ സെൽഫിയെടുക്കുന്നു. മറ്റ് ചിലർ പൂവും മരവും പകർത്തുന്നു. പിന്നെ 'കൊറോണപ്പൂ ഇവിടെയുണ്ട്' എന്ന കമൻറുമായി നവ മാധ്യമങ്ങളിലൂടെ പ്രചാരണം. കൊറോണ വൈറസിനോട് സാമ്യമുണ്ടെങ്കിലും ഇവ യഥാർഥത്തിൽ കടമ്പുപൂക്കളാണെന്ന് പലരും തിരിച്ചറിഞ്ഞത് പിന്നീട്. വേനൽ മഴ പെയ്തതോടെയാണ് കടമ്പ് മരങ്ങൾ പൂത്തുതുടങ്ങിയത്.
പുഴയോരങ്ങളിലും തോടരികിലുമെല്ലാം സുന്ദരക്കാഴ്ചയൊരുക്കി വിരിഞ്ഞുനിൽക്കുന്ന കടമ്പുപൂക്കൾ ആരെയും ആകർഷിക്കും. ചപ്പാരപ്പടവ് പുഴയോരങ്ങളിൽ നൂറുകണക്കിന് കടമ്പുമരങ്ങളാണ് ഇത്തരത്തിൽ പൂത്തുനിൽക്കുന്നത്.
ചപ്പാരപ്പടവ് പാലത്തിനോടു ചേർന്നും കുടിവെള്ള പൈപ്പ് കടന്നുപോകുന്ന ഭാഗത്തും തടിക്കടവ് പാലത്തിനു സമീപവും ദൃശ്യഭംഗിയൊരുക്കി കടമ്പുപൂക്കൾ സഞ്ചാരികളെ മാടിവിളിക്കുന്നു. കൂവേരി, കൊട്ടക്കാനം, തേറണ്ടി, കാട്ടാമ്പള്ളി, മംഗര, പെരുമളാബാദ് എന്നിവിടങ്ങളിലെ പുഴയോര പ്രദേശങ്ങളിലെല്ലാം കടമ്പുപൂവസന്തം കാണാനുണ്ട്.
നീലക്കടമ്പും മഞ്ഞക്കടമ്പുമെല്ലാം പഴയ തലമുറയിൽ പെട്ടവർക്കറിയുമെങ്കിലും പുതുതലമുറക്ക് ഇത് നവ്യാനുഭവമാണ്. പന്തുപോലുള്ള മൊട്ടുകൾ മാസങ്ങളോളം മരത്തിൽ തൂങ്ങിനിൽക്കുകയും മഴയെത്തുന്നതോടെ പൂവിടുകയുമാണ് ചെയ്യുന്നത്. മഴയെ പ്രണയിച്ച് വിരിയുന്നുവെന്നാണ് കടമ്പിനെപറ്റിയുള്ള കവിവാക്യം.
പൂക്കൾക്ക് വെള്ളകലർന്ന ഓറഞ്ച് നിറമാണ്. പന്തുപോലുള്ള ഭാഗത്തിനു മുകളിലുള്ള കുഞ്ഞുപൂക്കൾ തേനീച്ചകൾക്കും ഏറെ പ്രിയങ്കരം. പിന്നാലെ വണ്ടുകളും പൂമ്പാറ്റകളുമൊക്കെ കടമ്പിൻ പൂവിെൻറ തേൻനുകരാനെത്തുന്നു. ജലാശയങ്ങളുടെ പരിസരങ്ങളിലും നനവാര്‍ന്ന നിത്യഹരിത വനങ്ങളിലുമാണ് കടമ്പ് വളരുന്നത്.
ആറ്റുതേക്ക്, കദംബ തുടങ്ങിയ പേരിലും ടെന്നിസ് പന്തിെൻറ ആകൃതിയുള്ളതിനാൽ 'ടെന്നിസ് ബാൾ ട്രീ'യെന്ന പേരിലും കടമ്പ് അറിയപ്പെടുന്നുണ്ട്. നിയോ ലാമാർക്കിയ കടംബ എന്നതാണ് ഇതിെൻറ ശാസ്ത്രനാമം. വൃക്ഷത്തിെൻറ മിക്കവാറും എല്ലാ ഭാഗങ്ങളിലും പൂക്കള്‍ ഉണ്ടാകാറുണ്ട്.
ഒക്ടോബറിലാണ് ഫലങ്ങള്‍ പാകമാകുന്നത്. പുരാണത്തിൽ, കാളിയ മർദനത്തിനായി കൃഷ്ണൻ കടമ്പ് മരത്തിൽ നിന്നാണ് കാളിന്ദിയിലേക്ക് ചാടിയതെന്ന് പരാമർശമുണ്ട്.
പക്ഷിരാജാവായ ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വന്ന് യമുന നദിക്കരയിലെ കടമ്പ് മരത്തിൽ വിശ്രമിച്ചെന്നും മരത്തിൽ കുറച്ച് അമൃത് വീണതിനാൽ, കാളിയ വിഷമേറ്റ് യമുന തീരത്തെ മറ്റ് സസ്യങ്ങളെല്ലാം ഉണങ്ങിയപ്പോൾ കടമ്പുമരം മാത്രം ബാക്കിയായെന്നുമാണ് മറ്റൊരു ഐതീഹ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.