വരുന്നു; കശുമാങ്ങയിൽ നിന്ന് കണ്ണൂരിന്റെ 'ഫെനി'
text_fieldsശ്രീകണ്ഠപുരം: സംസ്ഥാനത്ത് ആദ്യമായി കശുമാങ്ങ നീരിൽനിന്ന് മദ്യം (ഫെനി) ഉൽപാദിപ്പിക്കുന്നതിന് സർക്കാറിന്റെ അംഗീകാരം. ഇതിനായി എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ഉടൻ നൽകും. കണ്ണൂർ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്ക് സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കശുമാങ്ങ സംസ്കരിച്ച് ഫെനിയും മറ്റ് ഉൽപന്നങ്ങളും നിർമിക്കുക എന്നത് കശുവണ്ടി കർഷകർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഫെനിക്ക് പുറമെ സ്ക്വാഷ്, ജാം, അച്ചാർ തുടങ്ങി വിവിധ ഉൽപന്നങ്ങൾ കശുമാങ്ങ കൊണ്ട് നിർമിച്ച് വിൽപന നടത്താനാവുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു. കശുമാങ്ങയ്ക്കുള്ള ഗുണങ്ങളും വിദഗ്ധർ വ്യക്തമാക്കിയിരുന്നു. നിലവിൽ കശുമാങ്ങ തോട്ടങ്ങളിൽ വലിച്ചെറിയുകയാണ് പതിവ്. ഫെനി ഉൽപാദനം തുടങ്ങുന്നതോടെ കശുവണ്ടിക്ക് കിട്ടുന്ന വില തന്നെ മാങ്ങക്കും ലഭിക്കും. ഉൽപാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപറേഷന് വിൽക്കുകയാണ് ചെയ്യുക.
രണ്ട് പതിറ്റാണ്ടിന് മുമ്പുതന്നെ ഈ പദ്ധതി സർക്കാറിന് മുമ്പാകെ കർഷക സംഘടനകൾ സമർപ്പിച്ചിരുന്നെങ്കിലും നീണ്ടുപോയി. 2016ൽ ഇതു സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാറിന് വിശദ അപേക്ഷ സമർപ്പിച്ചു. പദ്ധതിയിലൂടെ ഒരു സീസണിൽ 500 കോടി രൂപ സർക്കാറിനും അത്രയും തുക കൃഷിക്കാർക്കും ലഭിക്കുമെന്ന് ബാങ്ക് സമർപ്പിച്ച പദ്ധതി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ലിറ്റർ ഫെനി ഉൽപാദിപ്പിക്കാൻ 200 രൂപ ചെലവ് കണക്കാക്കുന്നു. സർക്കാറിന് ഇത് 500 രൂപക്ക് വിൽക്കാം. ഗോവയിൽ ഫെനി ഉൽപാദനം വ്യാപകമാണ്. ഗോവൻ ഫെനിക്ക് ലിറ്ററിന് 200 മുതൽ 1000 രൂപവരെ വിലയുണ്ട്.
സർക്കാർ അനുമതി ലഭിച്ച സ്ഥിതിക്ക് ഉടൻ ഡിസ്റ്റിലറിയുടെ പ്രവർത്തനം തുടങ്ങുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു. കെട്ടിട സൗകര്യങ്ങളും യന്ത്രങ്ങളും ഉടൻ സജ്ജമാക്കും. നാലേക്കറോളം ഭൂമി ബാങ്കിന് സ്വന്തമായുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റിലടക്കം ആവശ്യക്കാരേറെയാണ്. കശുമാങ്ങ കൂടി ഉപയോഗപ്പെടുത്തുന്നതോടെ കർഷകർക്കും സർക്കാറിനും നല്ല വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.