കണ്ണൂർ ജില്ലയിലും സപ്ലൈകോ സ്റ്റോറുകൾ കാലി
text_fieldsശ്രീകണ്ഠപുരം: ഓണമായിട്ടും സപ്ലൈകോ മാവേലി സ്റ്റോറുകൾ കാലി തന്നെ. ഇപ്പോഴും ദിനം പ്രതി സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ സാധനങ്ങൾ വാങ്ങാൻ എത്തുകയും നിരാശരായി മടങ്ങുകയാണ്. ഓണവിപണിയില്‍ വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ ഓണച്ചന്തയടക്കം നടത്താറുള്ള സിവില്‍ സപ്ലൈസ് വകുപ്പ് ഇത്തവണ ചരിത്രത്തിലാദ്യമായി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു. അരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്.
മാവേലി സ്റ്റോറുകളില്‍ മുഴുവന്‍ സബ്സിഡി സാധനങ്ങളും യഥേഷ്ടം ലഭ്യമാണെന്ന് മന്ത്രി ആവർത്തിക്കുമ്പോഴാണ് ജില്ലയിലെ ഉൾപ്രദേശങ്ങളിലടക്കം കാലിയായ സപ്ലൈക്കോ മാവേലി സ്റ്റോറുകൾ ഉള്ളത്. സബ്സിഡി സാധനങ്ങൾ ഇല്ലെന്നും പകരം പുറമെ കിട്ടുന്ന മറ്റ് ഉൽപന്നങ്ങളെല്ലാം ഉണ്ടെന്നുമാണ് ജീവനക്കാർ തന്നെ അവിടെയെത്തുന്നവരോട് പറയുന്നത്.
13 സബ്സിഡി സാധനങ്ങളില്‍ ഒന്നോ രണ്ടോ സാധനങ്ങൾ മാത്രമാണ് ചിലയിടങ്ങളിലുള്ളത്. മറ്റിടങ്ങളിൽ അതും ലഭ്യമല്ല. അരി പോലും ഇവിടെ സ്റ്റോക്കില്ല. സംസ്ഥാനത്തെ മിക്ക മാവേലി സ്റ്റോറുകളിലും ഇതുതന്നെയാണ് അവസ്ഥ. ഓണക്കാലത്ത് പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഉണ്ടാവാറുണ്ട്. കരിഞ്ചന്ത തടയാൻ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഇടപെടല്‍ സഹായിക്കാറുമുണ്ട്.
ഇത്തവണ ഓണത്തിന് ഒരാഴ്ച മുമ്പ് അരിയുടെയുൾപ്പെടെയുള്ളവയുടെ വില വര്‍ധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ് സര്‍ക്കാർ ചെയ്തത്. കൂടിയ വിലയുടെ അരിയും വില കൂടിയ സോപ്പും മുളകുപൊടിയടക്കമുള്ള പായ്ക്കറ്റ് ഉൽപന്നങ്ങളും മറ്റും വാങ്ങുവാനാണ് ചിലയിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് പറയുന്നത് . അര ലിറ്റർ വെളിച്ചെണ്ണയെത്തിയെങ്കിലും അതും കിട്ടിയില്ലെന്ന് ആദിവാസി മേഖലയോട് ചേർന്ന പ്രദേശത്തെ മാവേലി സ്റ്റോറിലെത്തി മടങ്ങിയ വീട്ടമ്മ പറഞ്ഞു. പൊതു വിപണിയിലാണെങ്കിൽ അരിക്കുൾപ്പെടെ വലിയ വിലയാണ്. കൂലിപ്പണിയെടുക്കുന്ന സാധാരണക്കാരടക്കം വലിയ പ്രതിസന്ധിയാണ് ഇതിനാൽ അഭിമുഖീകരിക്കുന്നത്.
മട്ട അരി, ജയ, കുറുവ, പച്ചരി (ഏതെങ്കിലും ഒന്ന് ഒരു കാർഡിന് അഞ്ച് കിലോ മാത്രം), പഞ്ചസാര, ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ് എന്നിവ കാർഡൊന്നിന് ഒരു കി.ഗ്രാം വീതം മാത്രം, മുളക് അര കിലോ മല്ലി അര കിലോ, അര ലിറ്റർ വെളിച്ചെണ്ണ എന്നിങ്ങനെയാണ് സബ്സിഡി നിരക്കിലുള്ള 13 നിത്യോപയോഗ സാധനങ്ങൾ ലഭിച്ചിരുന്നത്. ഇവയൊന്നും ഒരിടത്തും കിട്ടാത്തതിനാൽ ജനങ്ങളാകെ നിരാശയിലാണ്. അതിനിടെ 1203 രൂപയുടെ സാധനങ്ങൾ 775 രൂപക്ക് ലഭിക്കുമെന്ന് കാണിച്ച് സിവിൽ സൈപ്ലസ് വകുപ്പ് പരസ്യ പ്രചാരണവും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.