ഇരിക്കൂര്‍ മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 12.75 കോടി
text_fieldsശ്രികണ്ഠപുരം: സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ വണ്ണായിക്കടവ് - മുണ്ടക്കാംപള്ളി - നെല്ലിക്കുറ്റി - ഗാന്ധിക്കവല - വലിയഅരീക്കമല- ചാത്തമല - പൈതല്‍മല റോഡിന് ഏഴ് കോടിയും നുച്ചിയാട് - മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡിന് നാല് കോടിയും എരുവട്ടി - വിമലശേരി - തേർത്തല്ലി റോഡിന് 1.75 കോടിയും അനുവദിച്ചതായി സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.
ബജറ്റില്‍ തുക അനുവദിച്ച റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്കി. കൂടാതെ കാര്‍ഷിക മേഖലക്കായുള്ള നവീന പദ്ധതി എന്ന നിലയില്‍ നിർദേശിച്ച ഇരിക്കൂര്‍ അഗ്രികള്‍ച്ചറല്‍ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന് ടോക്കണും അനുവദിച്ചിട്ടുണ്ട്. ഇരിക്കൂര്‍ പാലം നിർമാണം, വട്ട്യാംതോട് പുതിയ പാലം നിർമാണം, ഉളിക്കല്‍ - മാട്ടറ - കാലാങ്കി റോഡിന്റെ വട്ട്യാംതോട് - കാലാങ്കി ഭാഗം.
ആലക്കോട് - പാത്തന്‍പാറ - വെള്ളാട് റോഡ്, മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡ്, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ തവറൂല്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടിച്ചേരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊളന്തകടവില്‍ പാലം നിർമാണം, പയ്യാവൂര്‍ - കുന്നത്തൂര്‍പാടി- പാടാംകവല - കഞ്ഞിരക്കൊല്ലി റോഡ്, ശ്രീകണ്ഠപുരം - കൂട്ടുംമുഖം - ചെമ്പേരി - റോഡ്, ഉദയഗിരി പഞ്ചായത്തില്‍ മണക്കടവ് മൂരിക്കടവില്‍ ആര്.സി.ബി നിർമാണം, കരുവഞ്ചാല്‍ - കുറ്റിപ്പുഴ - ചാണോക്കുണ്ട് - തടിക്കടവ് - നെല്ലിപ്പാറ റോഡ്, ഉളിക്കല്‍ - അറബി - പേരട്ട -തൊട്ടില്‍പ്പാലം റോഡില്‍ കോളിത്തട്ട് മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള ഭാഗം.
പൊടിക്കളം - മടമ്പം - പാറക്കടവ് - റോഡ്, ആലക്കോട് പഞ്ചായത്തില്‍ പാര്‍ക്ക്, ജിം, നടപ്പാത തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ പാര്‍ക്ക് നിര്‍മാണം, താവുകുന്ന് - പോത്തുകുണ്ട് - നടുവില്‍ റോഡ്, കണ്ടകശ്ശേരി പാലം പുനര്‍നിര്‍മാണം എന്നീ പദ്ധതികൾക്കും ടോക്കൺ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചുണ്ടപ്പറമ്പ് - വെള്ളാട്- കരുവഞ്ചാല്‍ റോഡിന് 15 കോടിയുടെ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പൊള്ളയായ വാഗ്ദാനങ്ങളാണ് ഇത്തവണ സംസ്ഥാന ബജറ്റിലൂടെ ഇടതു സർക്കാർ പ്രഖ്യാപിച്ചതെന്നും കർഷകരെയടക്കം നിരാശപ്പെടുത്തിയെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.
തളിപ്പറമ്പിന് കോടികളുടെ മൂന്ന് പദ്ധതികൾ
തളിപ്പറമ്പ്: മണ്ഡലത്തിലെ മോറാഴയിൽ മോറാഴ ചരിത്ര സ്മാരകത്തിന് 10 കോടിയും നാടുകാണി കിൻഫ്ര ടെക്സ്റ്റയിൽ സെന്ററിൽ പരിസ്ഥിതി സൗഹൃദ ഫാബ്രിക് ഡൈയിങ് ആൻഡ് ഡിജിറ്റൽ പ്രിന്റിങ് യൂനിറ്റ് സ്ഥാപിക്കാൻ എട്ട് കോടിയും കുറ്റ്യാട്ടൂർ മാംഗോ പാർക്ക് നിർമാണത്തിന് അഞ്ച് കോടിയുമാണ് വകയിരുത്തിയത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കർഷക മുന്നേറ്റത്തിന്റെ കനൽ വഴികൾ അടയാളപ്പെടുത്തിയ മോറാഴ സമരത്തിന്റെ ചരിത്ര സ്മരണകൾ നിലനിർത്തി ഫ്രീഡം സർക്യൂട്ടിന്റെ ഭാഗമായി നിർമിക്കുന്ന മോറാഴ ചരിത്ര സ്മാരകത്തിന് 10 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചരിത്ര മ്യൂസിയം, ആംഫി തിയറ്റർ, ചരിത്ര പഠിതാക്കൾക്കുള്ള ഹിസ്റ്റോറിക്കൽ റിസർച്ച് സെന്റർ , ഡിജിറ്റൽ ലൈബ്രറി, വിജ്ഞാന സാങ്കേതിക കേന്ദ്രം, ഗെറ്റുഗദർ പാർക്ക്, കുട്ടികളുടെ പാർക്ക്, എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ബൃഹത്തായ കേന്ദ്രമാവുമിത്.
കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിന് സമീപത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണികളിലേക്ക് കുറ്റ്യാട്ടൂർ ഉൽപന്നങ്ങൾ എത്തിക്കുന്നതിന് മാംഗോ പാർക്ക് വഴി സാധിക്കും. ഈ പാർക്ക് വരുന്നതോടെ ആഭ്യന്തര - അന്താരാഷ്ട്ര ടൂറിസം സാധ്യതകൂടി ഉപയോഗപ്പെടുത്തിയുള്ള വിപുലീകരണ പദ്ധതികൾ ആസൂത്രണം ചെയ്യും.
വാനനിരീക്ഷണ കേന്ദ്രത്തിന് നാലു കോടി
പയ്യന്നൂർ: വാനനിരീക്ഷണ കേന്ദ്രത്തിൽ പ്ലാനറ്റോറിയം നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയത് മലബാറിന്റെ ശാസ്ത്ര നിരീക്ഷണങ്ങൾക്ക് ഉണർവ് പകരും. നഗരസഭക്ക് കീഴിലുള്ള ആസ്ട്രോ പയ്യന്നൂർ എന്ന വാനനിരീക്ഷണ കേന്ദ്രത്തിന് നാലു കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ശാസ്ത്ര ക്ലാസുകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ,ക്യാമ്പുകൾ എന്നിവ ആസ്ട്രോ നടത്തുന്നുണ്ട്.
ശാസ്ത്ര പ്രചാരകനും പരിസ്ഥിതി പ്രവർത്തകനുമായ ടി.പി. ശ്രീധരൻ മാസ്റ്ററുടെ സ്മരണാർഥം സ്കൈ ലിബ് എന്ന പേരിൽ ജനകീയ പ്ലാനറ്റോറിയം ഇവിടെ പ്രവർത്തിച്ചുവരുന്നു. പകൽ സമയങ്ങളിൽ നക്ഷത്രക്കൂട്ടങ്ങൾ, ഗ്രഹങ്ങൾ, ചന്ദ്രൻ, വാൽ നക്ഷത്രങ്ങൾ എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ പ്ലാനറ്റോറിയം ഉപകരിക്കുന്നു. കേന്ദ്രത്തിന്റെ നിരീക്ഷണാലയത്തിൽ രാത്രി ആകാശനിരീക്ഷണ സൗകര്യമുണ്ട്.
കല്യാശ്ശേരിയിൽ 60 കോടിയുടെ പദ്ധതികൾ
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ 60 കോടിയുടെ പദ്ധതികൾ അനുവദിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമാണത്തിന് ആറ് കോടിയും നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സ്റ്റേഡിയം നിർമാണത്തിന് ഒരു കോടിയും വകയിരുത്തി.
കണ്ണപുരം പാലം സി.ആർ.സി റോഡ് മെക്കാഡം ടാറിങ് - രണ്ട് കോടി, ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിങ്-ഒരു കോടി, പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് -26.15 കോടി, കണ്ണൂർ ഗവ. നഴ്സിങ് കോളജ് - 5.58 കോടി, കണ്ണൂർ ഗവ. ഡെന്റൽ കോളജ്- 6.19 കോടി എന്നിങ്ങനെയും വകയിരുത്തി. കണ്ണൂർ ഗവ. പാര മെഡിക്കൽ കോളജ് ഹോസ്റ്റലിന് മൂന്ന് കോടിയും പരിയാരം ഗവ. ആയൂർവേദ കോളജിന് 8.50 കോടിയും മാടായിക്കാവ് ക്ഷേത്ര കലാ അക്കാദമിക്ക് 25 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
മട്ടന്നൂര്‍ ഡിഫറന്റ് ആര്‍ട്സ് സെന്ററിന് അഞ്ച് കോടി
മട്ടന്നൂര്‍: നിയോജക മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചത്. വിമാനത്താവളത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഐ.ടി പാര്‍ക്കിന്റെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ 250 കോടി വകയിരുത്തിയ സയന്‍സ് പാര്‍ക്കിന്റെ പ്രവൃത്തികള്‍ പ്രാരംഭ ഘട്ടത്തിലാണ്.
മട്ടന്നൂരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാവുന്ന മട്ടന്നൂര്‍ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ആൻഡ് കള്‍ചറല്‍ കോംപ്ലക്സിന് അഞ്ച് കോടിയാണ് വകയിരുത്തിയത്. ഭിന്നശേഷി വിദ്യാഭ്യാസ മേഖലയില്‍ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ എടുത്തുപറയാവുന്ന മാതൃകയായിരിക്കും. ചിറ്റാരിപ്പറമ്പ്-വട്ടോളി-കോയ്യാറ്റില്‍ റോഡിന് 3.75 കോടിയും ബജറ്റില്‍ വകയിരുത്തി. വട്ടോളി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
നിര്‍ദിഷ്ട വട്ടോളി പാലത്തിലൂടെയാണ് ചിറ്റാരിപ്പറമ്പ്-വട്ടോളി-കോയ്യാറ്റി റോഡ് കടന്നുപോവുന്നത്. പഴശ്ശി ജലസേചന പദ്ധതിക്ക് അധികമായി അനുവദിച്ച 10 കോടി മണ്ഡലത്തിലെയാകെ കൃഷി-കുടിവെള്ള പ്രശ്നങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസം നല്‍കും.
250 കോടിയുടെ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം
മട്ടന്നൂര്‍: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 250 കോടിയുടെ ഐ.ടി പാര്‍ക്ക് ഈ വര്‍ഷം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂര്‍ മണ്ഡലത്തിനു സമീപമാണ് ഐ.ടി പാര്‍ക്ക് ഒരുങ്ങുക. വിമാനത്താവള മേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമി കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ചെയ്യുക. കഴിഞ്ഞ ബജറ്റില്‍ ഐ.ടി പാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു.
ഇതിനു തുടര്‍ നടപടി എന്ന നിലയിലാണ് ഐ.ടി പാര്‍ക്കിനുള്ള നിര്‍മാണ അനുമതി ബജറ്റില്‍ നല്‍കിയത്. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായിട്ടും ഐ.ടി പാര്‍ക്കിനായി സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. കീഴല്ലൂര്‍ പഞ്ചായത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് കിന്‍ഫ്ര ഏറ്റെടുക്കുവാന്‍ നടപടികള്‍ സ്വീകരിക്കുന്ന സ്ഥലമാണ് ഐ.ടി പാര്‍ക്കിനായി പരിഗണിക്കാന്‍ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.