കുന്നത്തൂർപ്പാടി തിരുവപ്പന ഉത്സവം സമാപിച്ചു
text_fieldsശ്രീകണ്ഠപുരം: മലമുകളിലെ വനാന്തരത്തിലുള്ള കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാന തിരുവപ്പന മഹോത്സവം ഞായറാഴ്ച പുലർച്ച സമാപിച്ചു. എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ 24 ദിവസം മാത്രമാണ് നടത്തിയത്.
ശനിയാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും രാത്രി ഒമ്പതിന് തിരുവപ്പനയും കെട്ടിയാടി. രാത്രി 11ഓടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങി. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരായ എസ്.കെ. കുഞ്ഞിരാമൻ നായനാരെ ഏൽപിച്ചു. തുടർന്ന് ശുദ്ധികർമത്തിനുശേഷം വാണവരുടെ അനുവാദം വാങ്ങി തിരുവപ്പനയുടെ മുടിയഴിച്ചു.
തിരുവപ്പനക്ക് ശേഷം മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. ശനിയാഴ്ച രാത്രിതന്നെ ഭക്തജനങ്ങളും വാണവരും പാടിയിൽനിന്നിറങ്ങി. കളിക്കപ്പാട്ടിനും പ്രദക്ഷിണത്തിനും പൂജകൾക്കും ശേഷം ഞായറാഴ്ച രാവിലെയോടെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവരും മലയിറങ്ങി. മുത്തപ്പനെ മലകയറ്റൽ ചടങ്ങും നടത്തി.
വർഷത്തിൽ തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് കുന്നത്തൂർപ്പാടി വനാന്തരത്തിലെ മുത്തപ്പൻ ദേവസ്ഥാനത്തേക്ക് ആൾപ്രവേശനം അനുവദിക്കുകയുള്ളൂ. ഡിസംബർ 24ന് ആരംഭിച്ച മഹോത്സവത്തിന് നിരവധി ഭക്തജനങ്ങളാണ് പാടിയിലെത്തിയത്.
സമാപന ദിവസമായ ശനിയാഴ്ച രാത്രി പാടിയിലും പരിസരത്തും വൻ തിരക്ക് അനുഭവപ്പെട്ടു. പാടിയിൽനിന്ന് നാല് ഭാഗത്തേക്കുമുള്ള റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇനി അടുത്ത വർഷത്തെ ഉത്സവം വരെ വനാന്തരത്തിലെ ദേവസ്ഥാനത്ത് ആർക്കും പ്രവേശനമില്ല. താഴെ പൊടിക്കളത്തു മാത്രമാണ് ചടങ്ങുകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.