കൊളത്തൂരിൽ ഭൂമി കൈയേറി ചെങ്കൽ ഖനനം; നടപടിയെടുക്കാതെ അധികൃതർ
text_fieldsശ്രീകണ്ഠപുരം: ചുഴലി വില്ലേജിലെ കൊളത്തൂരിൽ മിച്ചഭൂമിയടക്കം കൈയേറി അനധികൃത ചെങ്കൽ ഖനനം തുടർക്കഥയാകുേമ്പാഴും മൗനം പാലിച്ച് അധികൃതർ. കൊളത്തൂർ, മാവിലംപാറ പ്രദേശങ്ങളിലാണ് സർക്കാർ മിച്ചഭൂമി, ദേവസ്വം ഭൂമി, സ്വകാര്യ വ്യക്തികളുടെ ഭൂമി എന്നിവ കൈയേറി ചെങ്കൽ ഖനനം നടക്കുന്നത്.
ഭൂമി കൈയേറിയ കാര്യം ഏറെ വൈകിയാണ് ഉടമകൾ അറിഞ്ഞത്. പ്രദേശത്ത് മൂന്നുമാസം മുമ്പ് കാഞ്ഞിരങ്ങാട് ദേവസ്വത്തിെൻറ ഭൂമി ചിലർ കൈയേറി ചെങ്കൽ ഖനനം നടത്തിയത് ഏറെ വിവാദമായിരുന്നു. അന്ന് ദേവസ്വം അധികൃതർ പരാതി നൽകിയതിനെ തുടർന്ന് കലക്ടർ ഇടപെട്ട് ഖനനം നിർത്തിവെപ്പിച്ചിരുന്നു. പിന്നാലെ നിരവധി ചെങ്കൽ ലോറികളും മറ്റു യന്ത്രങ്ങളും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു.
ഭൂമി കൈയേറി അനധികൃതമായി ഖനനം നടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്തുവന്നിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ റവന്യൂ - ജിയോളജി - പൊലീസ് ഒത്താശയോടെ ഇവിടെ അനധികൃത ചെങ്കൽ ഖനനം പുനരാരംഭിക്കുകയാണുണ്ടായത്.
ഏക്കറുകണക്കിന് സർക്കാർ മിച്ചഭൂമിയും സ്വകാര്യ ഭൂമിയും ഇവിടെ കൈയേറി ചെങ്കല്ല് കൊത്തിയിട്ടുണ്ടെന്നാണ് സൂചന. നാമമാത്ര ഭൂമി പണം നൽകി വാങ്ങി ചെങ്കൽ പണ തുടങ്ങിയ ശേഷം പിന്നീട് തൊട്ടടുത്ത ഭൂമി കൂടി കൈയേറുകയാണ് ചെയ്യുന്നത്. നടപടിയെടുക്കേണ്ട അധികാരികളിൽ ചിലർ വൻതുക മാസപ്പടി പറ്റിയാണ് അനധികൃത ചെങ്കൽ ഖനനത്തിനും ഭൂമി കൈയേറ്റത്തിനും കൂട്ടുനിൽക്കുന്നതെന്ന ആരോപണവും നേരത്തേതന്നെ ഉയർന്നിട്ടുണ്ട്.
കുടിവെള്ളക്ഷാമവും പരിസ്ഥിതിനാശവും വ്യാപകമായിട്ടും കൊളത്തൂരിലെ അനധികൃത ഖനനത്തിന് തടയിടാൻ അധികൃതർ തയാറാവാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ ചിലരുടെ ഒത്താശയിൽ ഏക്കറുകണക്കിന് ദേവസ്വം -സർക്കാർ ഭൂമി ചെങ്കൽ മാഫിയ കൈയടക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ പുറമെനിന്നെത്തിയ ചിലരടക്കം വൻതോതിൽ ഭൂമി കൈയേറി ചെങ്കൽഖനനം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. വൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ പിൻബലത്തിലാണ് ഒരു പ്രദേശമാകെ ഖനനം നടത്തി ഇല്ലാതാക്കുന്നത്. അധികാരികൾ മൗനം തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ വിജിലൻസിന് പരാതി നൽകാനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.