താഴുവീണ് 12 വർഷം; മടമ്പം ലാറ്റക്സ് ഫാക്ടറി നാശത്തിലേക്ക്
text_fieldsശ്രീകണ്ഠപുരം: റബർ ബോർഡിന്റെയും റബ്കോയുടെയും ഉടമസ്ഥതയിലുള്ള മടമ്പം ലാറ്റക്സ് ഫാക്ടറിക്ക് താഴുവീണിട്ട് 12 വർഷം. കെട്ടിടം ദ്രവിച്ചും കാടുകയറിയും നശിക്കുമ്പോൾ അധികൃതർക്ക് മൗനം. സിയാൽ മാതൃകയിൽ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ മലപ്പട്ടത്ത് റബറധിഷ്ഠിത വ്യവസായ ഫാക്ടറി പുതുതായി തുടങ്ങാനിരിക്കെയാണ് 12 വർഷം മുമ്പ് അടച്ചുപൂട്ടിയ മടമ്പം ലാറ്റക്സ് ഫാക്ടറിയുടെ ഭാവി അനിശ്ചിതത്വത്തിലായി തുടരുന്നത്.
റബർ ബോർഡ് 25 ലക്ഷം രൂപയും 49 റബർ ഉൽപാദക സംഘങ്ങൾ 25000 രൂപ വീതവും ഓഹരിയെടുത്താണ് 1996ൽ മടമ്പത്ത് ലാറ്റക്സ് ഫാക്ടറി തുടങ്ങിയത്. ഉൽപാദന ചെലവ് വർധിക്കുകയും സാധനങ്ങൾക്ക് കാര്യമായ വിപണി ലഭിക്കാതെയുമായതോടെ നഷ്ടത്തിലായ ഫാക്ടറിയിൽ പിന്നീട് റബ്കോ ഓഹരിയെടുക്കുകയും ക്രമേണ ചുമതലയേറ്റെടുക്കുകയും ചെയ്തു. തുടർന്നും നഷ്ടം വർധിച്ചതോടെ ക്രംബ് റബർ ഉൽപാദിപ്പിക്കാൻ വ്യക്തികൾക്ക് പലപ്പോഴായി കരാർ നൽകിയെങ്കിലും അതും ഗുണം ചെയ്തില്ല. കോടികൾ നഷ്ടത്തിലായ ഫാക്ടറി പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.
പരേതനായ ഇ. നാരായണൻ റബ്കോ ചെയർമാനായിരിക്കെ ഉൽപാദക സംഘം പ്രതിനിധികളുമായി ചർച്ച നടത്തുകയും അവരുടെ ഓഹരിസംഖ്യ തിരിച്ചുനൽകാൻ ധാരണയായെങ്കിലും തുടർ നടപടികളുണ്ടായില്ല. ഓഹരി സംഖ്യ തിരിച്ചുനൽകാതെ കമ്പനിയുടെ ആസ്തി വിൽക്കാനനുവദിക്കില്ലെന്നായിരുന്നു ഉൽപാദക സംഘങ്ങളുടെ നിലപാട്. ഇനി ഉൽപാദക സംഘങ്ങൾ സമ്മതിച്ചാലും റബർ ബോർഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച തർക്കം നിലനിൽക്കുകയും ചെയ്യും. മടമ്പത്ത് റോഡരികിൽ നാലേക്കറോളം സ്ഥലത്താണ് ഫാക്ടറിയുള്ളത്.
കെട്ടിടങ്ങൾ നശിച്ചു
കർഷകർക്ക് ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയിൽ വളരെ കുറഞ്ഞ വിലക്കാണ് ജനങ്ങൾ സ്ഥലം വിട്ടു നൽകിയത്. ഫാക്ടറിയോടു ചേർന്നുള്ള ഓഫിസിന്റെ അവസ്ഥയും ദയനീയമാണ്. വാതിലുകളും ഫർണിച്ചറുകളും ദ്രവിച്ച നിലയിലാണ്. സമീപത്ത് നിർത്തിയിട്ട വാഹനങ്ങളും കാടുകയറി നശിച്ച നിലയിലാണ്. കാടുപിടിച്ചു കിടക്കുന്നതിനാൽ കെട്ടിടങ്ങളും പരിസരവും ഇപ്പോൾ ഇഴജന്തുകളുടെയും വന്യ മൃഗങ്ങളുടെയും താവളമാണ്. ഫാക്ടറി പൂട്ടിയതോടെ 260 ഓളം തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടമായി. കുറച്ചുപേർ റബ്കോ കൂത്തുപറമ്പ്, തലശ്ശേരി യൂനിറ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. മലപ്പട്ടത്ത് റബർ ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറി വരുന്നതോടെ മലയോര ലാറ്റക്സ് ഫാക്ടറിയും സ്ഥലവും പൂർണമായും ഉപയോഗശൂന്യമാകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകർ ഉൽപാദിപ്പിക്കുന്ന റബർ വാങ്ങിയാണ് മലപ്പട്ടത്ത് തുടങ്ങുന്ന ഫാക്ടറിയിൽ ഉൽപന്നങ്ങൾ നിർമിക്കുക. ആശുപത്രിയാവശ്യങ്ങൾക്കുള്ള സർജിക്കൽ ഗ്ലൗസ്, ബലൂൺ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.