ദുരിതയാത്ര ബാക്കി; മടമ്പംവഴി ബസ് സർവിസ് നിലച്ചിട്ട് പതിറ്റാണ്ട്
text_fieldsശ്രീകണ്ഠപുരം: നഗരസഭയിലെ കുടിയേറ്റ മേഖലയായ മടമ്പം വഴി ബസ് സർവിസുകൾ നിലച്ചിട്ട് 11 വർഷം. ഹൈസ്കൂളും ബാങ്കും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള മടമ്പം, അലക്സ് നഗർ, പാറക്കടവ് മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണ്. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ ആറു ബസുകൾ സർവിസ് നടത്തിയ മേഖലയാണിത്. പൊടിക്കളം - മടമ്പം- അലക്സ് നഗർ - പാറക്കടവ് വഴിയാണ് ബസ് സർവിസുണ്ടായിരുന്നത്. പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തിയായ പാറക്കടവ് മുതൽ അലക്സ്നഗർ, മടമ്പം ഭാഗത്തുള്ളവർക്ക് ശ്രീകണ്ഠപുരം പയ്യാവൂർ ടൗണുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യമാണ് ബസ് സർവിസ് നിലച്ചതോടെ ഇല്ലാതായത്. പയ്യാവൂർ - അലക്സ് നഗർ - മടമ്പം വഴി കണ്ണൂർ ഭാഗത്തേക്കായിരുന്നു 10 വർഷം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയിരുന്നത്.
മടമ്പത്തിനും - അലക്സ് നഗറിനുമിടയിൽ കരയിടിഞ്ഞപ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ് റൂട്ട് മാറ്റി ഓടിക്കാൻ തുടങ്ങിയത്. സ്വകാര്യ ബസുകളും ക്രമേണ സർവിസുകൾ അവസാനിപ്പിച്ചു. മടമ്പം മേഖലയിൽനിന്ന് മറ്റ് ടൗണുകളിലേക്ക് പോകേണ്ട നാട്ടുകാർക്കും വിദ്യാർഥികൾക്കും ഓട്ടോകളും ടാക്സികളും മാത്രമാണിപ്പോൾ ഏക ആശ്രയം. സ്ഥിരമായി പോകുന്നവർ ശ്രീകണ്ഠപുരം - ഇരിട്ടി സംസ്ഥാന പാതയിലെ തുമ്പേനിയിലേക്ക് കാൽനടയായിച്ചെന്ന് ബസ് കയറണം.
നിലവിൽ മടമ്പം മേരിലാൻഡ് സ്കൂളിലെ വിദ്യാർഥികളടക്കം ദിവസേന രണ്ട് കിലോമീറ്ററോളം നടന്നാണ് സ്കൂളിലെത്തുന്നത്. മടമ്പം-പാറക്കടവ് റോഡിലെ കാഞ്ഞിലേരി -അലക്സ് നഗർ പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായി. ഇതുവഴി കണിയാർവയൽ, കാഞ്ഞിലേരി, ഇരൂഡ് ഉളിക്കൽ, ഐച്ചേരി, പയ്യാവൂർ ഭാഗങ്ങളിൽ നിന്നെല്ലാം മടമ്പം വഴി പുതിയ ബസ് സർവിസുകൾ തുടങ്ങാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.