പിടികിട്ടാപ്പുള്ളി എട്ടുവർഷത്തിനുശേഷം അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്ദുൽ ജലീലിനെയാണ് (49) ശ്രീകണ്ഠപുരം പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് വളപട്ടണത്തുെവച്ച് അറസ്റ്റ് ചെയ്തത്.
2012ൽ ചെങ്ങളായി കുണ്ടംകൈയിൽ മറ്റൊരാളുടെ സ്ഥലവുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനെത്തിയ ചുഴലി വില്ലേജ് ഓഫിസിലെ വില്ലേജ്മാനെ അബ്ദുൽ ജലീൽ തടഞ്ഞുനിർത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചീത്തപറയുകയും ചെയ്തുവെന്നാണ് കേസ്. സംഭവശേഷം മുങ്ങിയ പ്രതിയെ പിന്നീട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എട്ടു വർഷമായി കണ്ണൂർ സിറ്റി, തലശ്ശേരി, മുഴപ്പിലങ്ങാട്, ചിറക്കൽ, വളപട്ടണം എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വളപട്ടണത്തെത്തി ഇയാളെ പിടികൂടിയത്. എസ്.ഐ ജയൻ, എ.എസ്.ഐ എ. പ്രേമരാജൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മറ്റേതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായി ചോദ്യം ചെയ്ത ശേഷം ജലീലിനെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.