കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോവാദിയെ കാഞ്ഞിരക്കൊല്ലിയിലെ ആദിവാസി കോളനിയിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. വെള്ളിയാഴ്ച വൈകീട്ടോടെ പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലാണ് സംഭവം. കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ കർണാടക ചിക്കമഗളൂർ സ്വദേശി സുരേഷിനെയാണ് (48) സംഘം വിദഗ്ധ ചികിത്സക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെ ചപ്പിലി കൃഷ്ണൻ എന്നയാളുടെ വീട്ടിൽ എത്തിച്ചത്.
പ്രാഥമിക ചികിത്സയിൽ ഭേദമാകില്ലെന്ന് മനസ്സിലായതോടെയാണ് മാവോവാദി സംഘം സുരേഷിനെ കോളനിയിൽ കൊണ്ടുവന്നത്. ആവശ്യമായ വൈദ്യസഹായം സുരേഷിന് നൽകണമെന്ന് കോളനിയിലെ ജനങ്ങളോട് അഭ്യർഥിച്ചതായാണ് വിവരം.
വിവരമറിഞ്ഞതോടെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘം കോളനിയിലെത്തി സുരേഷിന് പ്രാഥമിക സഹായം നൽകി. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചിറ്റാരി കോളനിയിലേക്ക് വാഹനഗതാഗതമില്ല. ഏറെ പണിപ്പെട്ടാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പാടാംകവല വനം ചെക്ക് പോസ്റ്റിന് സമീപം എത്തിച്ചശേഷമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തോക്കുധാരികളായ ആറുപേരടങ്ങുന്ന സംഘമാണ് ഇയാൾക്കൊപ്പം കാഞ്ഞിരക്കൊല്ലിയിൽ എത്തിച്ചേർന്നതെന്നാണ് വിവരം.
സംഘത്തിൽ രണ്ട് സ്ത്രീകളുമുണ്ട്. രണ്ടുദിവസം മുമ്പാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റതെന്ന് സുരേഷ് പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞു. നേരത്തേയും കർണാടക വനമേഖലയിൽ മാവോവാദി സാന്നിധ്യം ഉറപ്പിച്ചിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്. പി ബാലകൃഷ്ണൻ നായർ, ശ്രീകണ്ഠപുരം സി.ഐ ജീവൻ ജോർജ്, ഇരിക്കൂർ സി.ഐ എം.എം. അബ്ദുൽ ഖരീം തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മാവോവാദി പരിയാരത്ത്; പൊലീസ് വലയിൽ മെഡിക്കൽ കോളജ്
പയ്യന്നൂർ: കാട്ടാനയുടെ മർദനത്തിൽ പരിക്കേറ്റ മാവോവാദി ചിക്കമംഗലൂർ സ്വദേശി സുരേഷ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മാവോവാദി സുരേഷ് പരിയാരത്തെത്തിയതോടെ കോളജും പരിസരവും പൊലീസ് വലയത്തിലായി. മാവോവാദികളെ നേരിടുന്ന സായുധസേന ഉൾപ്പെടെ നൂറുകണക്കിന് പൊലീസുകാരാണ് കാമ്പസിലുള്ളത്. റൂറൽ എസ്.പി ഹേമലത ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും കോളജിലെത്തി. രോഗി പരിയാരത്ത് എത്തുന്നതിനു മുമ്പുതന്നെ ആശുപത്രിയും പരിസരവും പൊലീസിനെക്കൊണ്ട് നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.