നിരാശക്കാഴ്ചയിൽ ചെമ്പന്തൊട്ടി കുടിയേറ്റ മ്യൂസിയം
text_fieldsശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തിെൻറ നിത്യ സ്മാരകമായി ചെമ്പന്തൊട്ടിയിൽ തുടങ്ങുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക മ്യൂസിയം നിർമാണം പാതിവഴിയിൽ.
2015ൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് ചെമ്പന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നൽകിയ സ്ഥലത്ത് കുടിയേറ്റ മ്യൂസിയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ, നാലു വർഷം കഴിഞ്ഞിട്ടും ഒന്നാം ഘട്ടത്തിൽ ഒരുക്കിയ കെട്ടിടമല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.
സെൻറിന് രണ്ടു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലം തലശ്ശേരി അതിരൂപത ഇതിനായി 99 വർഷത്തേക്ക് പാട്ടത്തിന് നൽകുകയായിരുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിൽ കിറ്റ്കോക്കാണ് നിർമാണച്ചുമതല. പ്രമുഖ ആർക്കിടെക്ട് ആർ.കെ. രമേഷാണ് രൂപകൽപന നടത്തിയത്.
ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 50 ലക്ഷം കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുമായിരുന്നു അനുവദിച്ചത്. 1.25 കോടി രൂപ കൊണ്ട് നിർമാണം തുടങ്ങി. ചുറ്റുമതിൽ കെട്ടി കെട്ടിടം പണിത് ഓടുെവച്ചു. ലളിത കല അക്കാദമിയുടെ കലാഗ്രാമത്തിെൻറ മാതൃകയിലായിരുന്നു നിർമാണം. പണി തുടങ്ങി ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്.
നിലവിൽ ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. കോടികൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും കാടുകയറിയിരിക്കയാണ്.
ഓടുകളും മറ്റ് സാമഗ്രികളും കാലപ്പഴക്കം കൊണ്ട് നശിച്ച നിലയിലാണ്. രണ്ടാംഘട്ടത്തിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായുള്ള കെട്ടിടം കൂടി നിർമിക്കാനുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്നശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
എന്നാൽ, മറ്റ് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. മലബാർ കുടിയേറ്റത്തിലെ അതിജീവനത്തിെൻറ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം എന്ന നിലയിലായിരുന്നു ഇതിെൻറ നിർമാണം തുടങ്ങിയത്.
തറക്കല്ലിടലിനു മുമ്പായി ചെമ്പന്തൊട്ടിയിൽ ചരിത്രകാരന്മാരെ അണിനിരത്തി സെമിനാർ നടത്തിയിട്ടായിരുന്നു മ്യൂസിയത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ആസൂത്രണം നടത്തിയത്. കുടിയേറ്റ ജനതയുടെ സ്വപ്നങ്ങൾക്കെപ്പം നടന്ന ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ പേരാണ് മ്യൂസിയത്തിന് നൽകിയത്.
കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂർ ചരിത്രം, മറ്റ് ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, നിരാശയുടെ കാഴ്ചയാണിവിടെയുള്ളത്. കെട്ടിടം കാടുകയറി നശിക്കുന്നതിനു മുമ്പ് നിർമാണം പുനരാരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
മലബാർ കുടിയേറ്റം
1920 മുതൽ തിരുവിതാംകൂറിൽനിന്ന് മലബാറിലെ മലയോര മേഖലയിലേക്ക് 70കളുടെ അവസാന കാലംവരെ നടന്ന കുടിയേറ്റമാണ് മലബാർ കുടിയേറ്റം എന്നറിയപ്പെടുന്നത്. 1940 മുതൽ 60 വരെയാണ് ഇതിെൻറ പാരമ്യഘട്ടമായിരുന്നത്.
പ്രധാനമായും മധ്യ തിരുവിതാംകൂറിൽനിന്നുള്ള സുറിയാനി കത്തോലിക്കരായിരുന്നു കുടിയേറ്റക്കാരിൽ ഏറെയുമെങ്കിലും, ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ചെറിയ തോതിൽ നായർ, ഈഴവ വിഭാഗങ്ങളും ഈ കുടിയേറ്റത്തിൽ പങ്കാളികളായിരുന്നു.
ഈ കുടിയേറ്റം വടക്ക് കിഴക്കൻ മലബാറിൽ ജനസംഖ്യാപരമായും സാമ്പത്തികവും സാമൂഹികപരമായും ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമായി. 1931 മുതൽ 71 വരെ കാലത്ത് ഈ പ്രദേശത്തെ ജനസംഖ്യ 15 ഇരട്ടിയോളമായി വർധിച്ചുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.