മുഹമ്മദ് പ്രായം മറന്ന് കോരിയെടുത്തത്ത് ഒരു ജീവൻ
text_fieldsശ്രീകണ്ഠപുരം: ജീവനൊടുക്കാനായി പുഴയിൽ ചാടിയ വയോധിക പ്രളയജലത്തിൽ മുങ്ങിത്താണ് അഞ്ച് കിലോമീറ്റർ ഒഴുകിയെത്തിയത് സുരക്ഷിത കരങ്ങളിലേക്ക്. അവർക്കും രക്ഷപ്പെടുത്തിയവർക്കും മറ്റുള്ളവർക്കും വിശ്വസിക്കാനാകുന്നില്ല.
പ്രായത്തിന്റെ അവശതകൾ മറന്ന് മീൻ പിടിത്തക്കാരനായ മുഹമ്മദ് പ്രളയ ജലത്തോട് മല്ലിട്ടില്ലായിരുന്നെങ്കിൽ ഒരിക്കലും ആ ജീവൻ തിരികെ ലഭിക്കില്ല. കഴിഞ്ഞ ദിവസം മലപ്പട്ടം മുനമ്പ്കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ശ്രീകണ്ഠപുരം മൈക്കിൾഗിരിയിലെ 65 കാരിയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. മലപ്പട്ടം മുനമ്പ്കടവ് പാലത്തിൽ നിന്ന് വയോധിക പുഴയിലേക്ക് ചാടിയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് പഴ്സും കുടയും പാലത്തില്‍ കാണപ്പെട്ടതിനാൽ അവിടെയെത്തിയ യുവാക്കൾ ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു.
പാലത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററകലെ പുഴയുടെ കുറുമാത്തൂർ ഭാഗത്ത് വെച്ച് എന്തോ ഒഴുകി വരുന്നതായും മനുഷ്യ ശരീരമാണെന്ന് സംശയിക്കുന്നതായും ഒരാള്‍ മത്സ്യബന്ധന തൊഴിലാളിയായ ആലക്കണ്ടി മുഹമ്മദിനെ അറിയിച്ചു. ഒന്നും നോക്കാതെ മുഹമ്മദും സഹപ്രവര്‍ത്തകരായ ബഷീര്‍, നൗഷാദ്, ഷെഫീഖ് എന്നിവരും കുത്തൊഴുക്കുള്ള പുഴയില്‍ തോണിയുമായി ഇറങ്ങുകയായിരുന്നു. പ്രളയജലത്തിൽ ഒഴുകിയെത്തിയ മനുഷ്യ ജീവനെ അവർ അതിസാഹസികമായി കൈയിലെടുത്തു. കിലോമീറ്ററുകളോളം കുത്തൊഴുക്കുള്ള പുഴയിൽ ഒഴുകിയിട്ടും അവശതയിൽ ജീവൻ നഷ്ടപ്പെടാതെ കരയിലേക്ക് എത്താനായത് അവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ജീവിതം അവസാനിപ്പിക്കാൻ പുറപ്പെട്ടിട്ടും തിരികെ ദൈവത്തിന്റെ കരങ്ങളായി മുഹമ്മദും മറ്റു തൊഴിലാളികളുമെത്തിയ കാര്യം വയോധിക അമ്പരപ്പോടെയാണ് കണ്ടത്.
വയോധികയെ ശ്രീകണഠപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് രക്ഷാസംഘം മടങ്ങിയത്. പാലത്തിലുപേക്ഷിച്ച വയോധികയുടെ പഴ്സില്‍ 900 രൂപയുണ്ടായിരുന്നു. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്തും എസ്.ഐ എം.വി.ഷീജുവും വയോധികക്ക് കൗണ്‍സലിങ് നല്കിയ ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മത്സ്യത്തൊഴിലാളികളുടെ ഉസ്താദായി അറിയപ്പെടുന്ന കുറുമാത്തൂരിലെ ആലക്കണ്ടി മുഹമ്മദിന് ഇതിനോടകം നിരവധി പേരെ പുഴയില്‍ നിന്ന് രക്ഷിച്ച ചരിത്രമുണ്ടെന്ന് പിന്നീടാണ് പലരും അറിഞ്ഞത്. പുഴയില്‍ മരണമടയുന്നവരുടെ മൃതദേഹം പുറത്തെടുക്കുന്നതിലും വിദഗ്ധനാണ്. ആഴക്കയങ്ങളിൽ നിന്ന് ജീവനോടെയും അല്ലാതെയും എത്രയോ മനുഷ്യദേഹങ്ങൾ മുഹമ്മദിന്റെ കരങ്ങളിലൂടെ കരയിലെത്തിയിട്ടുണ്ടെന്ന കാര്യം പലരും അറിഞ്ഞത് ഇപ്പോൾ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.