നിരാശക്കാഴ്ചയിൽ കുടിയേറ്റ മ്യൂസിയം; ഏഴുവർഷമായിട്ടും നിർമാണം പൂർത്തിയായില്ല
text_fieldsശ്രീകണ്ഠപുരം: മലബാർ കുടിയേറ്റത്തിന്റെ ഓർമക്കായി ചെമ്പന്തൊട്ടിയിൽ നിർമിക്കുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം പ്രവൃത്തി ഇഴയുന്നു. 2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ചെമ്പന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നൽകിയ സ്ഥലത്ത് കുടിയേറ്റ മ്യൂസിയത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയത്.
എന്നാൽ, ഏഴുവർഷമായിട്ടും ഒരുകെട്ടിടം പൂർണമായും മറ്റൊരു കെട്ടിടം ഭാഗികമായും ഒരുക്കിയതല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ ഇവിടം സാമൂഹികവിരുദ്ധ കേന്ദ്രമായി മാറിയിട്ടുണ്ട്. തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്താണ് നിർമാണം നടക്കുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പിനുകീഴിൽ കിറ്റ്കോക്കായിരുന്നു ആദ്യം നിർമാണ ചുമതല.
ആർക്കിടെക്ട് ആർ.കെ. രമേഷായിരുന്നു മ്യൂസിയത്തിന്റെ രൂപകൽപന നടത്തിയത്. ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപ സാംസ്കാരിക വകുപ്പും 50 ലക്ഷം കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽ നിന്നുമായിരുന്നു അനുവദിച്ചത്. 1.25 കോടി രൂപകൊണ്ട് നിർമാണം തുടങ്ങി. ചുറ്റുമതിൽ കെട്ടി കെട്ടിടം പണിത് ഓടുവെച്ചു. ലളിതകല അക്കാദമിയുടെ കാക്കണ്ണൻ പാറയിലെ കലാഗ്രാമത്തിന്റെ മാതൃകയിലായിരുന്നു നിർമാണം.
രണ്ടാം ഘട്ടത്തിൽ, പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായുള്ള ഒരുകെട്ടിടം കൂടി നിർമിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയുടെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. 1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് 2.15 കോടി രൂപക്കുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. പിണറായി ഇൻഡസ്ട്രിയൽ കോഓപ് സൊസൈറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
പ്രവൃത്തി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ സെപ്റ്റംബറിൽ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ മാസം കുടിയേറ്റ മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുചേർന്ന യോഗത്തിൽ 32.90 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.