നടുവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കമ്മിറ്റികൾ ബഹിഷ്കരിച്ച് എ ഗ്രൂപ്
text_fieldsശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത പരസ്യപോരിലേക്ക്. സി.പിഎമ്മുമായി ചേർന്ന് ഭരണം പങ്കിട്ടശേഷം കോണ്‍ഗ്രസില്‍ തിരിച്ചെടുത്ത ബേബി ഓടംപള്ളിയെ വീണ്ടും നടുവില്‍ പഞ്ചായത്ത് പ്രസിഡന്റാക്കിയ ഡി.സി.സി നടപടിക്കെതിരെയാണ് വൻപ്രതിഷേധം ഉയർന്നത്. ഇത് നിലവിൽ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ബുധനാഴ്ച കരുവഞ്ചാലില്‍ ചേര്‍ന്ന ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം നടുവിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച ചേര്‍ന്ന നടുവിൽ മണ്ഡലം കമ്മിറ്റി യോഗവും പ്രതിഷേധത്തില്‍ മുങ്ങി. മണ്ഡലം പ്രസിഡന്റ് ഷാജി പാണംകുഴിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നതിനിടെയാണ് ഓഫിസിനുമുന്നില്‍ വൻ പ്രതിഷേധം ഉടലെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിയടക്കം യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബ്ലോക്ക് കമ്മിറ്റി യോഗം ചേരാനാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ നടുവില്‍, കരുവഞ്ചാല്‍ മണ്ഡലം കമ്മിറ്റികള്‍ തല്‍ക്കാലം ചേരേണ്ടതില്ല എന്ന ബ്ലോക്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറത്തിന്റെ നിര്‍ദേശം ലംഘിച്ച് യോഗം ചേര്‍ന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുപറഞ്ഞാണ് നടുവിലിലും ഒരുവിഭാഗം പ്രതിഷേധമുയര്‍ത്തിയത്.
ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളായ കെ. ഗോവിന്ദന്‍, പി.പി. രാഘവന്‍, പി.പി. അജയന്‍, ബാബു കിഴക്കേപ്പറമ്പില്‍, വിന്‍സെന്റ് പല്ലാട്ട്, സെബാസ്റ്റ്യന്‍ മുടയ്ക്കച്ചിറക്കുന്നേല്‍, ത്രേസ്യാമ്മ ജോസഫ്, ജേക്കബ് പാണംകുഴി, റെജിമോന്‍ പടിഞ്ഞാറേ ആനശ്ശേരി, ജോര്‍ജ് നെല്ലുവേലില്‍, ബിനു ബാലന്‍, കെ.വി. മുരളീധരന്‍, ടി.പി. മാധവന്‍, ഷാജി മുതിരമല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യോഗം ചേര്‍ന്നതായി മണ്ഡലം കമ്മിറ്റി അവകാശപ്പെടുമ്പോള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് നടന്നിട്ടില്ലെന്നാണ് എതിര്‍വിഭാഗം പറയുന്നത്.
നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിവാദവുമായി ഉടലെടുത്ത സംഭവവികാസങ്ങളിൽ കടുത്ത നിലപാടാണ് എ ഗ്രൂപ് സ്വീകരിക്കുന്നത്. ഇരിക്കൂർ മണ്ഡലത്തിലെ എ ഗ്രൂപ്പിന്റെ എം.എൽ.എ പദവിയടക്കം നഷ്ടമായതിനുപിന്നാലെ പ്രധാന പല സ്ഥാനങ്ങളും നഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് എ ഗ്രൂപ്. മൂന്നാം ഗ്രൂപ്പിന്റെ കളികൾ പരിധിവിട്ടതായും ഇവർ ആരോപിക്കുന്നു. ഐ ഗ്രൂപ്പിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ്, ഡി.സി.സി തീരുമാനങ്ങളെവരെ വെല്ലുവിളിച്ച് എ ഗ്രൂപ് പ്രതിഷേധിക്കുന്നത്. അതിനിടെ ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ് നേതാക്കള്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോഷി ജോസഫ്, അജേഷ് പൂവനാട്ട്, മൊയ്തു കാരയില്‍, വിനോയി പാലനാനിയില്‍, ടോമി കണയങ്കല്‍, വി.കെ. കൃഷ്ണന്‍, ഷെന്നി മാങ്കോട്ടില്‍, ജോസ് പറയന്‍കുഴി, സരിത ജോസ്, ഐസക് മുണ്ടയാങ്കല്‍, ബിജു തൃക്കോയിക്കല്‍, സിബിച്ചന്‍ കളപ്പുര എന്നിവരാണ് പരാതി നല്‍കിയത്.
കോണ്‍ഗ്രസിന്റെ യോഗങ്ങളും പരിപാടികളും തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കുന്ന വിന്‍സെന്റ് പല്ലാട്ട്, ഗോവിന്ദന്‍, പി.പി. അജയന്‍, ബിജു പുതുപ്പറമ്പില്‍, ബാബു കിഴക്കേപ്പറമ്പില്‍, ത്രേസ്യാമ്മ ജോസഫ് എന്നിവര്‍ക്കെതിരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സഹായം നല്‍കുന്ന ബ്ലോക്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറത്തിനെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നും ഐ ഗ്രൂപ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടുവില്‍ വിവാദങ്ങളെ ചൊല്ലി ഗ്രൂപ്പുകളികളും പ്രതിഷേധങ്ങളും തുടരുന്നത് മലയോരത്തെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രശ്ന പരിഹാരത്തിന് നേതൃത്വം കർശന ഇടപെടൽ നടത്താത്തത് അണികളുടെ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.