നടുവില്‍ പഞ്ചായത്ത്: ബേബിയെ പ്രസിഡന്റാക്കാൻ സുധാകരന്റെ ഇടപെടൽ; എതിര്‍പ്പുമായി മണ്ഡലം കമ്മിറ്റികള്‍
text_fieldsശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രം ഫലിച്ചു. ഇടതിന് തിരിച്ചടിനൽകി ഭരണം സ്വന്തമാക്കാനിരിക്കെ വീണ്ടും പ്രസിഡന്റിനെ ചൊല്ലി ആശങ്ക. എല്‍.ഡി.എഫ് പിന്തുണയോടെ ഭരണം നടത്തുന്ന ബേബി ഓടംപള്ളിയെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിച്ച് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന നീക്കമാണ് സുധാകരന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് നടുവില്‍, കരുവഞ്ചാല്‍ മണ്ഡലം കമ്മിറ്റികളാണ് ആദ്യം തന്നെ രംഗത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നാരോപിച്ച് ചില നേതാക്കളും പരസ്യ പ്രതികരണമില്ലാതെ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി യു.ഡി.എഫ് ഭരിച്ചിരുന്ന നടുവിൽ പഞ്ചായത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അവർക്ക് തന്നെ ലഭിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡി.സി.സി സെക്രട്ടറി ബേബി ഓടംപള്ളില്‍ കോണ്‍ഗ്രസില്‍നിന്ന് രണ്ടുപേരെയും കോണ്‍ഗ്രസ് വിമതയായി ജയിച്ച വിളക്കന്നൂര്‍ വാര്‍ഡ് അംഗം രേഖ രഞ്ജിത്തിനെയും ഒപ്പം നിര്‍ത്തി എല്‍.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു.
19 അംഗ ഭരണസമിതിയില്‍ അദേഹത്തിന് 11 പേരുടെ പിന്തുണയാണ് ലഭിച്ചത്. ഇതിന് സി.പി.എം എല്ലാ സഹായവും നൽകി. ഭരണം ഇടതുപാളയ പട്ടികയിലെത്തിക്കാനായത് അവർക്ക് ഏറെ പ്രതീക്ഷയും നൽകി. യു.ഡി.എഫിന്റെ ഇരിക്കൂർ കോട്ടയിൽ വിള്ളലുണ്ടായത് കോൺഗ്രസിന് ഏറെ പേരുദോഷവും ക്ഷീണവുമുണ്ടാക്കി. നാളുകൾ പിന്നിട്ടപ്പോഴാണ് രഹസ്യനീക്കത്തിലൂടെ കോൺഗ്രസും യു.ഡി.എഫും അട്ടിമറിനടത്തിയത്. ഭരണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള കരുനീക്കത്തില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ വിലങ്ങോലിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിച്ചു. വിളക്കന്നൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച് ബേബിക്കൊപ്പം നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റായ രേഖ രഞ്ജിത്തിനെക്കൊണ്ട് രാജിയും വെപ്പിച്ചു.
ഇതോടെ രേഖ രഞ്ജിത്തും കോണ്‍ഗ്രസിലെത്തി. ബേബിക്കൊപ്പം നിന്ന മറ്റൊരു സ്ഥിരംസമിതി അധ്യക്ഷ ലിസി ജോസഫിനെയും കോണ്‍ഗ്രസിലെടുക്കാൻ ധാരണയായിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് ഭരണസമിതിയില്‍ ബേബി ഓടംപള്ളിലിന് ഭൂരിപക്ഷം നഷ്ടമാകും. പിന്നാലെ ബേബി ഓടംപള്ളിലിനെ കൂടി കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നത്. കോണ്‍ഗ്രസില്‍ തിരിച്ചുവന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താമെന്ന വാഗ്ദാനം ബേബിക്ക് നേതൃത്വം നല്കിയിട്ടുണ്ടെന്നാണറിയുന്നത്.
എന്നാല്‍, ബേബിയെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും അദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതിനോട് കടുത്ത എതിര്‍പ്പാണ് നടുവില്‍, കരുവഞ്ചാല്‍ മണ്ഡലം കമ്മിറ്റികള്‍ അറിയിച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ച് പ്രസിഡന്റായ ഒരാളെ അതേസ്ഥാനത്ത് ഇനിയും തുടരാന്‍ അനുവദിക്കുന്ന കീഴ്വഴക്കം അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.
ചപ്പാരപ്പടവ് പഞ്ചായത്തിൽ കഴിഞ്ഞതവണ എല്‍.ഡി.എഫ് പിന്തുണയോടെ കോൺഗ്രസിലെ സജി ഓതറ പ്രസിഡന്റായെങ്കിലും പിന്നീട് അദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു കോണ്‍ഗ്രസുകാരനാണ് പ്രസിഡന്റായത്. പഞ്ചായത്ത് ഭരണസമിതിയുടെ അവസാനകാലത്ത് മാത്രമാണ് സജിയെ വീണ്ടും പ്രസിഡന്റാക്കിയത്. ഈ രീതി നടുവിൽ പഞ്ചായത്തിലും പിന്തുടരണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ ആവശ്യം.
അതേസമയം, മലയോരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് പറ്റിയ തെറ്റാണ് നടുവില്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകുന്നതിന് ഇടയാക്കിയതെന്നും നേതൃത്വം തെറ്റ് തിരുത്തിയാല്‍ തിരിച്ചുവരുന്നകാര്യം ആലോചിക്കുമെന്നുമാണ് ബേബി പറഞ്ഞത്. എന്തായാലും കെ.പി.സി.സി അന്തിമ തീരുമാനമാവും നടുവിലിൽ പ്രസിഡന്റിനെ നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.