ശ്രീകണ്ഠപുരത്തെ മാല കവര്‍ച്ച; മുന്‍ പ്രവാസി അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: വ്യാപാരിയായ സ്ത്രീയുടെ മാല പട്ടാപ്പകല്‍ കവര്‍ന്ന കേസില്‍ മുന്‍ പ്രവാസിയായ മധ്യവയസ്കന് അറസ്റ്റില്‍. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടില്‍ ടി.സി. ജോസ് എന്ന ജോമോനെയാണ് (54) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്, എസ്.ഐ എ.വി. ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കാഞ്ഞിലേരി ബാലങ്കരി പൊതുജന വായനശാലക്ക് സമീപത്തെ വ്യാപാരിയും പരേതനായ താഴത്തുവീട്ടില്‍ പ്രഭാകരെൻറ ഭാര്യയുമായ യശോദയുടെ (65) രണ്ടുപവെൻറ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇയാള്‍ കവര്‍ച്ചക്കെത്തിയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏഴിന് ഉച്ചക്കാണ് സംഭവം. യശോദയുടെ കടയില്‍ വെള്ളം ചോദിച്ചെത്തിയ ജോസ് ബലംപ്രയോഗിച്ച് സ്വര്‍ണമാല ഊരിയെടുത്ത് സ്കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. അഞ്ചു ദിവസത്തിനകം പ്രതി പിടിയിലായി. ശ്രീകണ്ഠപുരം, കാഞ്ഞിലേരി, കണിയാര്‍വയല്‍ പ്രദേശങ്ങളിലെ 30ഓളം സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു.
കറുത്ത സ്കൂട്ടറില്‍ വെള്ളമുണ്ടും വെള്ളഷര്‍ട്ടും ധരിച്ചെത്തിയ ആളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് യശോദ മൊഴി നല്‍കിയിരുന്നു. കാമറകളില്‍നിന്ന് ഈ സ്കൂട്ടറിെൻറ ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും ആളുടെ മുഖമോ നമ്പറോ വ്യക്തമായിരുന്നില്ല. എന്നാല്‍, ശ്രീകണ്ഠപുരം കോട്ടൂര്‍ പാലത്തിന് സമീപത്തെ സി.സി.ടി.വിയില്‍നിന്ന് ലഭിച്ച ദൃശ്യത്തില്‍ വണ്ടിനമ്പര് തെളിഞ്ഞിരുന്നു. ഇതുപ്രകാരം വണ്ടിയുടെ ആര്.സി ഉടമയെ കണ്ടെത്തി.
തുടര്‍ന്നാണ് ജോസിനെ പിടികൂടിയത്. ചെമ്പേരിയിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മാലയും കണ്ടെടുത്തു. മകളുടെ പണയംവെച്ച ബ്രേസ്ലൈറ്റ് തിരിച്ചെടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് ജോസ് പൊലീസിനോട് പറഞ്ഞു. എ.എസ്.ഐ സജിമോന്‍, സീനിയര്‍ സി.പി.ഒ സജീവന്, സി.പി.ഒ രജീഷ് എന്നിവരും ജോസിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.