വനം വകുപ്പ് ജീവനക്കാർക്ക് പുതിയ ക്വാർട്ടേഴ്സ് ഒരുങ്ങുന്നു
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ പാടാംകവല സെക്ഷൻ ഫോറസ്റ്റ് ഓഫിസിന് സമീപത്ത് വനംവകുപ്പ് ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സ് കെട്ടിട നിർമാണം പുരോഗമിക്കുന്നു. എല്ലാ സൗകര്യങ്ങളോടുംകൂടിയ ക്വാർട്ടേഴ്സ് കെട്ടിടമാണ് ഒരുങ്ങുന്നത്.
മലയോരത്തിന്റെ വനാതിർത്തികളിൽ കാട്ടാനശല്യവും മറ്റ് വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാകുമ്പോഴും പാടാം കവലയിലെ ഫോറസ്റ്റ് ഓഫിസിൽ വേണ്ടത്ര സൗകര്യങ്ങളില്ലായിരുന്നു. ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള വാഹനമോ കാട്ടാനകളെ തുരത്താനുള്ള പടക്കമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. പലപ്പോഴും ജീവനക്കാർ തങ്ങളുടെ ഇരുചക്രവാഹനങ്ങളിലാണ് വനമേഖലയിലെ ഉൾറോഡുകളിലൂടെ കാട്ടാനകളെ തുരത്താൻ ജീവൻ പണയം വെച്ച് പോയിരുന്നത്.
ഉളിക്കൽ, ഇരിക്കൂർ, പടിയൂർ, പയ്യാവൂർ, ചെങ്ങളായി, മലപ്പട്ടം, ഏരുവേശ്ശി പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും ഉൾപ്പെടുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസിന്റെ ദുരവസ്ഥ പരിഹരിക്കാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയർന്നിരുന്നു. തുടർന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വനം മന്ത്രിയെ നേരിട്ടുകണ്ട് സൗകര്യങ്ങൾ ഒരുക്കാൻ അഭ്യർഥിച്ചു. ക്വാർട്ടേഴ്സ് ഒരുങ്ങുന്നതോടെ വനം വകുപ്പ് ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാനും സാധിക്കും.
ഫോറസ്റ്റ് സ്റ്റേഷൻ വേണം
വന്യമൃഗശല്യം രൂക്ഷമായതിനാൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുന്നതായും ആ ഘട്ടത്തിൽ ഇരിക്കൂറിനെ പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ സജീവ് ജോസഫ് എം.എൽ.എയുടെ സബ്മിഷനു മറുപടിയും നൽകിയിരുന്നു. അതോടൊപ്പം പാടാം കവല ഓഫിസിലെ നിലവിലുള്ള സൗകര്യങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. സ്വന്തമായി വാഹനംപോലും ഇല്ലാതിരുന്ന ഓഫിസിന് കഴിഞ്ഞ വർഷം ഐ.സി.ഐ.സി.ഐ ബാങ്കാണ് വാഹനം നൽകിയത്.
ഇതിനു മുമ്പ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസിന് വനം വകുപ്പ് പുതിയ ജീപ്പ് അനുവദിച്ചപ്പോൾ അവിടത്തെ പഴയ ജീപ്പ് പാടാം കവല ഓഫിസിന് നൽകിയിരുന്നു. എന്നാൽ, എൻജിൻപണി വന്ന് കട്ടപ്പുറത്തായതോടെ വാഹനം തളിപ്പറമ്പ് ഓഫിസിലേക്കുതന്നെ കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.