സബ്സിഡി സാധനങ്ങളില്ല; അടുക്കളയിൽ കണ്ണീർപാചകം
text_fieldsശ്രീകണ്ഠപുരം: ഓണം അടുത്തിട്ടും മാവേലി - സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളില്ല. ജില്ലയിൽ മലയോര ഗ്രാമങ്ങളിലടക്കം സാധാരണക്കാർ ദുരിതത്തിൽ. ഇതോടെ മന്ത്രിയുടെ പ്രഖ്യാപനവും മറ്റു പ്രചാരണവും പാഴ് വാക്കായി. പൊതു വിപണിയിൽ എല്ലാത്തിനും അമിത വിലയായിട്ടും നിയന്ത്രിക്കാൻ അധികൃതർ തയാറായിട്ടില്ല. സപ്ലൈകോ - മാവേലി സ്റ്റോറുകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ടെങ്കിലും അവ നിലവിൽ ലഭ്യമല്ല. രണ്ടും മൂന്നും സാധനങ്ങൾ മാത്രമാണ് നാമമാത്രമായി പലയിടത്തും ഉള്ളത്. ഏറെ പ്രതീക്ഷിച്ച് മണിക്കൂറുകളോളം വരി നിൽക്കുന്ന വീട്ടമ്മമാരടക്കം നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.
കഴിഞ്ഞയാഴ്ച ഒരു തവണ മാത്രം അരി വന്നെങ്കിലും വാങ്ങാനെത്തിയവർക്കെല്ലാം ലഭിച്ചതുമില്ല. പൊതുവിപണിയിലാണെങ്കിൽ അരിക്കുൾപ്പെടെ അമിത വിലയാണ്. മലയോരത്തെ ഉൾഗ്രാമങ്ങളിലെ കടകളിൽ വില വ്യത്യാസപ്പെടും. ഉൾപ്രദേശങ്ങളിലടക്കം ചില സപ്ലൈകോ സ്റ്റോറുകളിൽ ചെറുപയർ, മല്ലി എന്നിവ മാത്രമാണ് സബ്സിഡി സാധനങ്ങളായി ഉള്ളത്. മറ്റിടങ്ങളിൽ ഒന്നുമില്ല. സബ്സിഡി നിരക്കിലുള്ള 13 നിത്യോപയോഗ സാധനങ്ങളും ഒരിടത്തും കിട്ടാത്തതിനാൽ ജനങ്ങൾ നിരാശയിലാണ്. അതേസമയം സബ്സിഡിയില്ലാത്ത എല്ലാ സാധനങ്ങളും മാവേലി - സപ്ലൈകോ സ്റ്റോറുകളിൽ ലഭ്യവുമാണ്. അതിനിടെ ജില്ല കേന്ദ്രങ്ങളിൽ ഓണം ഫെയറുകൾ തുടങ്ങിയിട്ടുണ്ട്. അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയതായി കാണിച്ച് വൻ പരസ്യവും ഇറക്കിയിട്ടുണ്ട്.
28 വരെയാണ് ഓണം ഫെയർ നടത്തുന്നത്. ഇത് സാധാരണക്കാർക്ക് ഗുണകരമാവുകയില്ല. ഉൾഗ്രാമങ്ങളിലടക്കം മാവേലി - സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ കിട്ടാതെ സാധാരണക്കാർ വലയുമ്പോഴും അധികൃതർക്ക് മറുപടിയില്ലാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കും പച്ചക്കറികൾക്കും ഉൾപ്പെടെ പൊള്ളുന്ന വിലയായതോടെ അടുക്കളയിൽ കണ്ണീരൊഴുകുന്ന സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.