നോവലും സിനിമയും പാട്ടും... വൈറലാണ് ഓൺലൈൻ പ്രചാരണം
text_fieldsശ്രീകണ്ഠപുരം: വേനൽച്ചൂടിനെ തോൽപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂട് കൂടിയപ്പോൾ പ്രചാരണത്തിൽ ന്യൂജെൻ തരംഗം. നോവലും സിനിമയും പാട്ടുകളുമെല്ലാം പ്രചാരണത്തിനായി മുന്നണികൾ ഉപയോഗിക്കുന്നുണ്ട്. റീൽസായും പോസ്റ്ററുകളായും പ്രചാരണം കൊഴുക്കുകയാണ്. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതലാളുകൾ കൈയടക്കിയ അഖിൽ പി. ധർമജന്റെ റാം C/o ആനന്ദി മുതൽ നിരവധി പുസ്തകങ്ങളുടെയും സിനിമകളുടെയും പേരുകൾ സ്ഥാനാർഥികൾ ഉപയോഗിക്കുന്നുണ്ട്. യുവാക്കൾക്കിടയിൽ ട്രെൻഡിങ്ങായ റാം C/o ആനന്ദി നോവലിന്റെ കവർച്ചിത്രമാണ് കൂടുതലായും സ്ഥാനാർഥികളുടെ ഫോട്ടോയും മണ്ഡലവും വെച്ച് മുന്നണികൾ സാമൂഹ മാധ്യങ്ങളിൽ പങ്കുവച്ചിട്ടുള്ളത്.
വയനാട് C/o രാഹുൽ ഗാന്ധി, തൃശൂർ C/o സുരേഷ് ഗോപി, കണ്ണൂർ C/o എം.വി. ജയരാജൻ തുടങ്ങി എല്ലാവരും ഈ പുസ്തകത്തിന്റെ കവർ പേജ് കടമെടുത്തിട്ടുണ്ട്. നിമ്ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവലിന്റെ കവർ പേജും സ്ഥാനാർഥികളുടെ ‘വെറൈറ്റി’ പോസ്റ്ററുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ‘ഏറ്റവും പ്രിയപ്പെട്ട എറണാകുളത്തിനോട്’ എന്നെഴുതിയ ഹൈബി ഈഡന്റെയും ‘ഏറ്റവും പ്രിയപ്പെട്ട ടീച്ചർ’ എന്നെഴുതിയ കെ.കെ. ശൈലജയുടെയും പോസ്റ്ററുകൾ വൈറലാണ്.
പുസ്തകങ്ങൾക്ക് പുറമെ പുതിയ സിനിമ പോസ്റ്ററുകളും മാറ്റങ്ങൾ വരുത്തി മുന്നണികൾ സാമൂഹ മാധ്യമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഫഹദ് ഫാസിൽ നായകനായി റിലിസ് ചെയ്യാനിരിക്കുന്ന ‘ആവേശം’ സിനിമയുടെ ടൈറ്റിൽ ഡിസൈൻ ഉപയോഗിച്ച് രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി കാസർകോടിന്റെ ‘ആവേശം’ എന്നും കെ.കെ. ശൈലജക്ക് വേണ്ടി വടകരയുടെ ‘ആവേശം’ എന്നും മാറ്റിയുള്ള പോസ്റ്ററുകളുമുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ‘ടർബോ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടിയുടെ തലക്ക് പകരം ഷാഫി പറമ്പിലിന്റെ തല വെച്ചുള്ള മാസ് ലുക്കും രംഗത്തുണ്ട്.
പയ്യാവൂർ പൈസക്കരി സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾക്കൊപ്പമുള്ള കെ. സുധാകരന്റെ ഫോട്ടോ ‘മഞ്ഞുമ്മൽ ബോയ്സ്’ സ്റ്റൈലിൽ ‘സെയ്ന്റ് മേരീസ് ബോയ്സ്’ എന്നാക്കിയിട്ടുണ്ട്. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമ പേര് ഒരു കണ്ണൂർ സെൽഫി എന്നാക്കിയാണ് എം.വി. ജയരാജന്റെ സെൽഫി ഫോട്ടോകൾ ഷെയർ ചെയ്തിട്ടുള്ളത്. കൊല്ലത്തിന്റെ ‘പ്രേമലു’ ആയുള്ള എൻ.കെ. പ്രേമചന്ദ്രന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയിലെ വെറൈറ്റി പോസ്റ്റർ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
‘ഉയിരിൻ നാഥനെ...’എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്ന റീൽസ് വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമ്പോൾ തന്നെ പങ്കുവച്ചതാണ്. എതിരാളികളായ കെ.കെ. ശൈലജയുടെയും പ്രഫുൽ കൃഷ്ണയുടെയും റീൽസുകൾ അണികൾക്ക് ആവേശമുണ്ടാക്കുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കെ. മുരളീധരന്റെ ‘തഗ്ഗ്’ പ്രസംഗങ്ങളും എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ‘റിയൽ’ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കണാൻ പോയതുമെല്ലാം റീൽസുകളായി വൈറലാണ്. ഷാഫിയും ശൈലജയും ക്രിക്കറ്റ് കളിക്കുന്നതും വരെ വൈറലായി. പ്രവർത്തകർ സ്റ്റാറ്റസുകളിട്ടും വാട്സ്ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചും ഇവ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതോടെ ഗ്രൂപ് ചർച്ച ഏറ്റുമുട്ടലുകളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.