ഇൗവർഷം ഒാൺലൈൻ ഓണാഘോഷം
text_fieldsശ്രീകണ്ഠപുരം: കോവിഡിനെ തുടർന്ന് ഇത്തവണ ഓണാഘോഷവും ഓൺലൈനിൽ. ക്ലാസുകളും കച്ചവടവും വരെ ഓൺലൈനിലെത്തിയപ്പോഴാണ് ഓണസദ്യയും ഓണക്കോടിയും തുടങ്ങി ഓണാഘോഷം വരെ ഓൺലൈനായത്. ചരിത്രത്തിലാദ്യമായാണ് ഓണാഘോഷ പരിപാടികൾ ഓൺലൈനായി നടത്തുന്നത്.
ജില്ല ലൈബ്രറി കൗൺസിലിെൻറ നേതൃത്വത്തിലാണ് വായനശാലകൾ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ ഉൾഗ്രാമങ്ങളിലടക്കം ചില ക്ലബുകളും സ്വാശ്രയ സംഘങ്ങളും ചെറിയതോതിൽ ഓൺലൈൻ മത്സരങ്ങൾ നടത്തുന്നുണ്ട്. ഓൺലൈൻ മത്സരമായതിനാൽ വൻകിട മത്സരങ്ങൾ പലതും ഔട്ടായി.
തീറ്റ മത്സരവും വടംവലിയും ഓണത്തല്ലും സുന്ദരിക്ക് പൊട്ടുകുത്തലും കസേരകളിയും ബലൂൺ പൊട്ടിക്കലും മിഠായി പെറുക്കലും കുപ്പിയിൽ വെള്ളം നിറക്കലും ഉറിയടിയുമെല്ലാം ഓണാഘോഷത്തിലെ പ്രധാന ഇനങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ഓൺലൈൻ മത്സരങ്ങളായതിനാൽ ഇവയെല്ലാം ചരിത്രത്തിലാദ്യമായി മത്സരക്കളത്തിന് പുറത്തായി.
പകരം ഇത്തവണ കോവിഡ് കാല അനുഭവ കുറിപ്പ് തയാറാക്കൽ, ശ്രീനാരായണ ഗുരു സന്ദേശം എന്ന വിഷയത്തിൽ പ്രസംഗ മത്സരം, ആംഗ്യപ്പാട്ട്, നാടോടി നൃത്തം, നാടൻപാട്ട്, കവിതാലാപനം, സിനിമാഗാനം, പൂക്കളമത്സരം എന്നിവ മാത്രമാണ് ഓൺലൈൻ ഓണ പരിപാടികളിലുള്ളത്. ചില മത്സരങ്ങൾക്ക് സമയദൈർഘ്യവും നിശ്ചയിച്ചിട്ടുണ്ട്.
വീടുകളിൽ പൂക്കളമൊരുക്കി കുടുംബാംഗങ്ങൾ ചുറ്റുമിരിക്കുന്ന ഫോട്ടോയാണ് മത്സരത്തിന് അയക്കേണ്ടത്. ഓഫർ പെരുമഴയിൽ ഓൺലൈൻവഴി ആവശ്യക്കാർക്ക് ഓണസദ്യയും കോടി വസ്ത്രവും വരെ വീട്ടിലെത്തിക്കാൻ ആളുകളുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഇത്തവണ ഓണം. വർഷത്തിലൊരിക്കലെങ്കിലും നാട്ടിൻ പുറങ്ങളിൽ എല്ലാം മറന്ന് ഉത്രാടദിനത്തിലും ഓണനാളിലും ജനങ്ങൾ ഒത്തുചേർന്ന് ആഘോഷിച്ചിരുന്ന നാടൻ കളികളാണ് ഇത്തവണ കോവിഡ് ഇല്ലാതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.