ക്ലിക്കായി പാപ്പച്ചന്റെ മീശ; ഇത് മീശക്കവല
text_fieldsശ്രീകണ്ഠപുരം: ഒരു പേരിലെന്തിരിക്കുന്നുവെന്നല്ല, പേരിലും കാര്യമുണ്ടെന്ന് വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലെത്തുന്നവർ പറയും. കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തെത്തുമ്പോൾ കാണുന്ന ദിശാബോർഡുകളിലെല്ലാം ഒരു സ്ഥലപേര് ഉണ്ട് -മീശക്കവല.
ഈ സ്ഥലനാമത്തിലെ കൗതുകം അന്വേഷിച്ച് പോയാൽ ഒരാളുടെ മീശയിൽ ചെന്നെത്തും. ഇവിടെ 20 വർഷങ്ങളായി തട്ടുകട നടത്തുന്ന കൊടകച്ചറ പാപ്പച്ചന്റെ കൊമ്പൻ മീശയിൽ. അളകാപുരി വെള്ളച്ചാട്ടം കണ്ടവർക്കൊക്കെ സുപരിചിതനാണ് ഈ 82കാരൻ. സഞ്ചാരികളെ ആദ്യം വരവേൽക്കുന്നതും ഇവിടത്തെ വാഹന പാർക്കിങ്ങിന്റെ കാര്യങ്ങൾ നോക്കുന്നതും ഇദ്ദേഹമാണ്.
16ാം വയസ്സിൽ മീശ മുളച്ചപ്പോൾ മുതൽ പാപ്പച്ചന് മീശക്കമ്പമുണ്ട്. പിന്നീട് പട്ടാളത്തിൽ ജോലി കിട്ടിയപ്പോഴും വിരമിച്ചതിനുശേഷം നാട്ടിലെത്തി കൃഷി തുടങ്ങിയപ്പോഴുമെല്ലാം കുടുംബത്തോടൊപ്പം മീശയെയും പൊന്നുപോലെ നോക്കി. അളകാപുരി വെള്ളച്ചാട്ടത്തിന് സമീപം തട്ടുകട തുടങ്ങിയപ്പോഴാണ് പാപ്പച്ചന്റെ മീശ ക്ലിക്ക് ആയത്. വെള്ളച്ചാട്ടം കാണനെത്തുന്നവർക്കിടയിൽ മീശ ചർച്ചയായതോടെ സ്ഥലത്തിന് നാട്ടുകാർ മീശക്കവലയെന്ന് പേര് നൽകി. അത് ഹിറ്റാവുകയും ചെയ്തു.
സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോകളും വിഡിയോകളും സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനൊപ്പം പാപ്പച്ചന്റെ മീശയും ഷെയർ ചെയ്തു. ഇതോടെ തന്റെ മീശ അന്വേഷിച്ചും ആളുകൾ വന്നു തുടങ്ങിയെന്ന് പാപ്പച്ചൻ ഓർക്കുന്നു. ‘കടയിലെ തിരക്കുകൾക്കിടയിലും ആളുകൾക്ക് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കണം. എന്നാലും ഒരു സന്തോഷല്ലേ, സ്വന്തം മീശയുടെ പേരിൽ ഒരു സ്ഥലമുണ്ടാകുന്നത്’ - പാപ്പച്ചൻ പറയുന്നു. മീശക്കവലയിൽ തട്ടുകടയോട് ചേർന്ന് തന്നെയാണ് പാപ്പച്ചന്റെ വീടും. ഭാര്യ അന്നമ്മയും മൂന്നു പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. മക്കൾ മൂവരും വിവാഹിതരാണ്. പാപ്പച്ചൻ സൗജന്യമായി നൽകിയ സ്ഥലത്തു കൂടിയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത നിർമിച്ചത്. അളകാപുരി വെള്ളച്ചാട്ടത്തിൽ കൂടുതൽ പേരെത്തുന്നത് ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ്. ആളുകളെത്തിയാൽ കച്ചവടത്തിരക്കിനൊപ്പം മീശക്കഥ പറഞ്ഞും നിർദേശങ്ങൾ നൽകിയും മീശക്കവലയുടെ സ്വന്തം മീശ പാപ്പച്ചൻ കൂടെയുണ്ടാവും. പിന്നെ സെൽഫിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.