ഭൂമി പിളർന്നു; മലയോര ഹൈവേ രണ്ടായി
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയിൽ മുണ്ടാനൂർ എസ്റ്റേറ്റിനു സമീപം ഭൂമി പിളർന്നു. ഹൈവേ റോഡ് രണ്ടായി. ഗതാഗതം പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസമാണ് റോഡ് പിളർന്നത്.
വൻ ദുരന്തം വഴിമാറി. മീറ്ററുകളോളം നീളത്തിൽ റോഡ് പിളർന്ന് പുഴ ഭാഗത്തേക്ക് തെന്നിമാറുകയായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് റോഡ് പിളർന്നതെങ്കിലും തലനാരിഴക്കാണ് മറ്റ് അപകടങ്ങൾ ഒഴിവായത്. കാലവർഷം കനക്കുമ്പോൾ റോഡ് തകരുന്നതും പുഴയോരം ഇടിയുന്നതും മൂന്നു വർഷത്തോളമായി ഇവിടെ പതിവാണ്. മലവെള്ളപ്പാച്ചിലിൽ മലയോര ഹൈവേയിൽ മുണ്ടാനൂരിനും തോണിക്കടവിനും ഇടയിലാണ് പുഴ റോഡിനെ കവരുന്നത്.
വിള്ളൽ രൂപപ്പെട്ടതോടെ സമീപത്തെ പുഴയിലേക്ക് റോഡിെൻറ ഭാഗം ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. റോഡിനു സമീപത്തെ വൈദ്യുതി പോസ്റ്റും ബസ് ഷെൽട്ടറും ഏത് നിമിഷവും അപ്രത്യക്ഷമാവാം. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി റോഡ് അടച്ചിട്ടു. പയ്യാവൂർ ഭാഗത്തുനിന്ന് ഉളിക്കൽ - ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ചമതച്ചാൽ - വാതിൽമട- മുണ്ടാനൂർ വഴിയാണ് പോകേണ്ടത്. എതിർ ഭാഗത്തുനിന്നുള്ള വാഹനങ്ങളും ഇതുവഴി പോകണം.
റോഡിന് വീതി കുറവും വളവും ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവില്ല. മലയോര ഹൈവേയുടെ പ്രവൃത്തി ഏതാണ്ട് ഭൂരിഭാഗം പൂർത്തിയായതിനിടെയാണ് റോഡ് പുഴയിലേക്ക് ഇടിയുന്നത്. ചെറുപുഴയിൽ മലയോര ഹൈവേയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗൺ കാരണം നടന്നില്ല. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം കടുക്കറ വരെയുള്ള മലയോര ഹൈവേയുടെ ആദ്യഘട്ട നിർമാണമാണ് ജില്ലയിൽ പൂർത്തിയായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.