റാങ്ക് പട്ടിക നിലനിൽക്കെ താൽക്കാലിക നിയമനത്തിന് ഉത്തരവ്
text_fieldsശ്രീകണ്ഠപുരം: പി.എസ്.സി റാങ്ക് പട്ടിക നിലവിലിരിക്കെ തദ്ദേശ സ്ഥാപനങ്ങളിൽ അസി.എൻജിനീയർ, ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താൻ സർക്കാർ ഉത്തരവ്. ഇതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്ത്. ഡിസംബർ 20ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ച പി.ഡി.എൽ.എസ്.ജി.ഡി./1241/2022 നമ്പർ ഉത്തരവിലാണ് തദ്ദേശ ഭരണസമിതികൾക്ക് അസി. എൻജിനീയർ, ഓവർസിയർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്താമെന്ന് പറയുന്നത്.
പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാമെന്നും ഇവർക്ക് ശമ്പളത്തിനുപകരം ഓണറേറിയം നൽകാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.സി വഴി നിയമനം ലഭിക്കുന്നവർ വരുന്നതുവരെ താൽക്കാലിക നിയമനം നേടുന്നവർക്ക് തുടരാമെന്നും ഉത്തരവിലുണ്ട്.
അസി.എൻജിനീയർമാരുടെ പി.എസ്.സി റാങ്ക് പട്ടിക കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിലവിൽ വന്നതാണ്. മെയിൻ പട്ടികയിൽ 727 പേരാണുള്ളത്. ഇതിൽ 96 പേർക്ക് (ഓപൺ കാറ്റഗറി) മാത്രമാണ് നിയമന ശിപാർശ നൽകിയത്. ഓവർസിയർമാരുടെ ഗ്രേഡ് ഒന്ന്, രണ്ട്, മൂന്ന് തസ്തികകളുടെ റാങ്ക് പട്ടികകൾ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് നിലവിൽവന്നത്. ഇതിൽ നിന്ന് ഓപൺ കാറ്റഗറിയിൽ യഥാക്രമം 88, 119, 80 എന്നിങ്ങനെ നിയമന ശിപാർശ നൽകി.
ഈ രണ്ട് തസ്തികകളിലേക്കും പി.എസ്.സി നിയമന ശിപാർശകൾ നൽകിക്കൊണ്ടിരിക്കെത്തന്നെയാണ് താൽക്കാലിക നിയമനം നടത്താമെന്ന ഉത്തരവും സർക്കാർ ഇറക്കിയത്. ഇതോടെ റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിലാണ്. വർഷങ്ങളായി പഠിച്ച് പരീക്ഷയെഴുതി സർക്കാർ നിയമനം കാത്തിരിക്കുന്നവരെ പരിഗണിക്കാതെ താൽക്കാലിക നിയമനം നടത്താനുള്ള നീക്കം സംശയകരമാണെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് മുന്നോടിയായി, റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ നവമാധ്യമ കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.