പെൻഷൻ മസ്റ്ററിങ്ങും ട്രഷറിയിലെ സമ്മതപത്രവും; വയോജനങ്ങൾക്ക് നെട്ടോട്ടം
text_fieldsശ്രീകണ്ഠപുരം: സർക്കാർ അടുത്തിടെയിറക്കിയ ഉത്തരവുകൾ പാലിക്കാൻ ഓടിത്തളർന്ന് വയോജനങ്ങൾ. സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന അരക്കോടി വയോജനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുന്നത്. മാർച്ച് 28ന് ഇറക്കിയ ഉത്തരവ് പാലിക്കാനാണ് ഇവരുടെ നെട്ടോട്ടം. 1,600 രൂപ പെൻഷൻ പറ്റുന്നവരാണ് ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാനായി ഓടേണ്ടി വരുന്നത്. ഈ മാസം 30 നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
30 രൂപ അടച്ചാണ് ഇവർ മസ്റ്ററിങ് ചെയ്യേണ്ടത്. മസ്റ്ററിങ് ജോലി ഞങ്ങൾക്കും വേണമെന്ന് പറഞ്ഞ് സ്വകാര്യ അക്ഷയക്കാർ ഹൈക്കോടതിയിൽ പോയതോടെ മസ്റ്ററിങ് നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്റ്റേ നീക്കിയതോടെയാണ് അക്ഷയ വഴി മാത്രം മസ്റ്ററിങ് പുനരാരംഭിച്ചത്. എങ്കിലും ഇതിന്റെ അവസാന തീയതി ജൂൺ 30 എന്നത് സർക്കാർ മാറ്റിയിട്ടില്ല. 40 ലക്ഷത്തോളം ആളുകൾ ഇനിയും മസ്റ്റർ ചെയ്യാൻ ബാക്കിയുണ്ടെന്നാണ് സർക്കാർ കണക്ക്.
അതിനിടെ സർക്കാർ സർവീസ് പെൻഷൻകാരെയും ഓടിക്കാൻ കഴിഞ്ഞ മാസം പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. ട്രഷറിയിലെ കൈപ്പിഴ കാരണം പെൻഷൻകാർ കൂടുതലായി വല്ല പണവും കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചടക്കാൻ സമ്മതമാണെന്നറിയിക്കുന്ന അണ്ടർ ടേക്കിങ് ഫോം പൂരിപ്പിച്ച് ട്രഷറിയിൽ കൊടുക്കണമെന്നാണ് ഈ ഉത്തരവിൽ പറയുന്നത്. കൂടാതെ രണ്ട് സാക്ഷികളും അവരുടെ ആധാർ നമ്പറും വിലാസവും കൂടി ചേർത്ത് ഒപ്പിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പണം അബദ്ധത്തിൽ കൂടുതൽ കൈപ്പറ്റിയാൽ അത് തിരിച്ച് പിടിക്കാനുള്ള നിയമം നിലവിലുണ്ടെന്നിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കിയിട്ടുള്ളത്.
ക്ഷാമാശ്വാസവും രണ്ട് ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും പെൻഷൻകാർക്ക് ലഭിക്കാനുണ്ട്. പെൻഷൻ പരിഷ്കരണ ഉത്തരവിൽ കൊടുത്തു തീർക്കാൻ പറഞ്ഞ തീയതി നേരത്തെ കഴിഞ്ഞിട്ടും ആർക്കും ഒരു രൂപ പോലും നൽകിയിട്ടില്ല. ഇതിനിടെയാണ് ട്രഷറിയിൽ സമ്മതപത്ര സമർപ്പണം നിർദ്ദേശിച്ചത്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്ന അവശരായവരെയെല്ലാം നെട്ടോട്ടമോടിക്കുകയാണെന്ന ആക്ഷേപവുമായി വിവിധ സംഘടനകളും മറ്റും രംഗത്തുവന്നിട്ടുണ്ട്.
‘വയോജനങ്ങളെ വട്ടംകറക്കുന്ന ഉത്തരവുകൾ റദ്ദാക്കണം’
അവശതയനുഭവിക്കുന്ന വയോജനങ്ങളെ വട്ടംകറക്കുന്ന ഉത്തരവുകൾ സർക്കാർ അടിയന്തിരമായി റദ്ദാക്കണമെന്നും കുടിശ്ശികയടക്കം ഉടൻ വിതരണം ചെയ്യണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടേറിയറ്റംഗം നാരായണൻ കോയിറ്റി ആവശ്യപ്പെട്ടു.
15 ശതമാനം ഡി.എ കുടിശികയും രണ്ട് ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും കാലാവധി കഴിഞ്ഞിട്ടും നൽകിയിട്ടില്ല. നിരവധി പെൻഷൻകാരും കുടുംബ പെൻഷൻകാരും ഇതിനിടയിൽ മരണപ്പെട്ടു.
ഒന്നും കൊടുക്കാതെ വയോജനങ്ങളെ നെട്ടോട്ടമോടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ ക്ഷേമ പെൻഷനും സർക്കാർ പെൻഷനും യഥാവിധികൊടുത്തിരുന്നു. അന്നൊന്നും ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ആരേയും ദ്രോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
- നാരയണൻ കൊയിറ്റി
(കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടേറിയറ്റംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.