വീടില്ലാത്തവരുടെ സ്വപ്നങ്ങൾക്ക് ചിറകേകി പീപ്ൾസ് വില്ലേജ്
text_fieldsശ്രീകണ്ഠപുരം: പീപ്ൾസ് ഫൗണ്ടേഷൻ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ ഒരേക്കർ ഭൂമിയിൽ 11 ഭവനങ്ങൾ നൻമ മനസുകളുടെ കൂട്ടായ്മയിൽ പണിതുയർത്തി. ഒരുവ്യക്തി ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് വീടുകൾ പണിതത്. കോവിഡ് പ്രതിസന്ധിക്കിടയിലും 16 മാസത്തിനകം 11 വീടുകൾ നിർമിച്ചു. ഓരോ കുടുംബത്തിനും നാല് സെൻറ് ഭൂമിയിൽ രണ്ട് കിടപ്പുമുറികളടങ്ങുന്ന 550 സ്ക്വയർഫീറ്റ് ഭവനമാണ് നിർമിച്ചത്. നിലവിൽ കുഴൽകിണർ വഴിയാണ് മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നത്. പൊതുകിണറിന്റെ നിർമാണവും നടക്കുന്നുണ്ട്.
പീപ്ൾസ് ഫൗണ്ടേഷൻ ജില്ലാതല മോണിറ്ററിങ് സമിതിയും പ്രാദേശിക നിർവഹണ സമിതിയുമാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. അഞ്ചുവീടുകൾ, കളിസ്ഥലം, കൺസ്യൂമർ സ്റ്റോർ, കമ്യൂണിറ്റി സെൻറർ, തൊഴിൽ പരിശീലന കേന്ദ്രം എന്നിവയുൾപ്പെടുന്ന രണ്ടാംഘട്ട പദ്ധതി ഉടൻ ആരംഭിക്കും. 12ന് വൈകീട്ട് നാലിന് കംബ്ലാരിയിൽ നടക്കുന്ന പരിപാടിയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പീപ്ൾസ് വില്ലേജ് നാടിന് സമർപ്പിക്കും.
ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. ഉദ്ഘാടന ഒരുക്കം പൂർത്തിയായതായി പീപ്ൾസ് വില്ലേജ് ജില്ല സംഘാടക സമിതി ചെയർമാൻ പി.കെ. മുഹമ്മദ് സാജിദ് നദ്വി, സെക്രട്ടറി സി.കെ.എ. ജബ്ബാർ, കോഓഡിനേറ്റർ സി.പി. അബ്ദുൽ ജബ്ബാർ, നിർവഹണ സമിതി കൺവീനർ എം. ജലാൽ ഖാൻ, കെ.പി. അബ്ദുൽ റഷീദ്, സി.വി.എൻ. ഇഖ്ബാൽ, വി.പി. ഫസലുദ്ദീൻ, കെ.എം.പി. ബഷീർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.