പ്ലസ്വണ് സീറ്റ്; ഇത്തവണ 'പ്രവേശനകോഴ'യൊഴുകും
text_fieldsശ്രീകണ്ഠപുരം: എല്ലാവർക്കും വാരിക്കോരി മാര്‍ക്ക് നല്കി വിജയിപ്പിച്ചപ്പോൾ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ഇത് കുട്ടികള്‍ക്ക് സന്തോഷം നൽകിയെങ്കിലും ഇരട്ടി ലാഭക്കൊയ്ത്താണ് സ്കൂള്‍ മാനേജ്മെൻറുകൾക്ക്. എയ്ഡഡ് സ്കൂള്‍ മാനേജ്മെൻറുകള്‍ക്ക് നിശ്ചിത ശതമാനം സീറ്റില്‍ ഇഷ്ടമുള്ളവരെ പ്രവേശിപ്പിക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഈ സീറ്റുകള്‍ പണം വാങ്ങി വില്‍ക്കാറാണ് പതിവു രീതി. ഈവര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ നാലില്‍ ഒരാൾക്കു പോലും ഇഷ്ടപ്പെട്ട വിഷയത്തിലും വിദ്യാലയത്തിലും പ്രവേശനം ലഭിക്കില്ല. ഈ സാഹചര്യത്തിൽ പലരും മാനേജ്മെൻറ് സീറ്റിനായി ശ്രമിക്കും. സീറ്റ് കുറവും ആവശ്യക്കാര്‍ കൂടുതലുമാണെന്നറിഞ്ഞതോടെയാണ് മാനേജ്മെൻറുകൾ വിലപേശലിന് നീക്കം തുടങ്ങിയത്. ഫോൺ വഴിയും മറ്റും ജില്ലയിൽ പറഞ്ഞ പണം നൽകി പലരും സീറ്റ് ഉറപ്പിച്ചു തുടങ്ങി. കൂടുതൽ പണമെറിയുന്നവർക്ക് സീറ്റ് നൽകാനുള്ള തന്ത്രം മാനേജ്മെൻറ് തുടങ്ങിയതോടെ രക്ഷിതാക്കളും വിദ്യാർഥികളും പരക്കംപായുന്ന സ്ഥിതിയാണ്. കഴിഞ്ഞതവണ ലഭിച്ചതിെൻറ മൂന്നിരട്ടിയോളം പണം
കോഴയായി ഈടാക്കാനാണ് ചില മാനേജ്മെൻറ് പ്രതിനിധികൾ ശ്രമിക്കുന്നതെന്നാണ് വിവരം. അധ്യാപക നിയമനമാണ് സാധാരണ സ്കൂള്‍ മാനേജ്മെൻറുകള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗം. ഇപ്പോള്‍ പ്ലസ്വണ് സീറ്റിനും വന്‍ ഡിമാൻഡ് വന്നതോടെ മാനേജ്മെൻറിന് ചാകരയായിരിക്കുകയാണ്. മാര്‍ക്ക് ലിസ്റ്റ് വന്നില്ലെങ്കിലും നഗരങ്ങളിലെ പ്രധാന സ്കൂളുകളിൽ സീറ്റുറപ്പിക്കാൻ സമ്പന്നരായ ചിലർ രംഗത്തിറങ്ങിയതോടെ സാധാരണക്കാരായ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലുമായി. സീറ്റിെൻറ കാര്യത്തിൽ പ്രതിസന്ധി ഉയർന്നതോടെ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികൾക്ക് പഴയതുപോലെ ആഹ്ലാദവുമില്ല. മുഴുവന്‍ വിഷയത്തിലും 90 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന തിരിച്ചറിവാണ് അവരുടെ ആഹ്ലാദം കുറച്ചത്.
കഴിഞ്ഞ വർഷം വരെ ഹ്യുമാനിറ്റീസ് വിഷയത്തിന് പലയിടത്തും സീറ്റ് ബാക്കിയാവുകയും സയൻസിനും കോമേഴ്സിനും വേഗത്തിൽ എ പ്ലസുകാർ എത്തുകയുമാണ് പതിവ്. ഇത്തവണ ഹ്യുമാനിറ്റീസടക്കം എല്ലാത്തിലും മുഴുവൻ എ പ്ലസുകാർ കയറുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.