പൊടിക്കളം-മടമ്പം-പാറക്കടവ് റോഡ് ഇനി സുരക്ഷിതം
text_fieldsശ്രീകണ്ഠപുരം: പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായ പൊടിക്കളം-മടമ്പം- പാറക്കടവ് റോഡിന് സംരക്ഷണഭിത്തിയൊരുങ്ങും. സംരക്ഷണഭിത്തി നിർമിക്കാനായി 53.09 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. മഴ പെയ്യുന്നതോടെ റോഡിലെ പുഴയോരത്തോട് ചേർന്ന ഭാഗങ്ങൾ ഇടിയുന്നത് പതിവായിരുന്നു. 2020ലെ പ്രളയത്തിൽ അലക്സ് നഗർ കുരിശുപള്ളിക്ക് സമീപത്തെ റോഡിന്റെ പകുതിയോളം ഭാഗം പുഴയിൽ പതിച്ചിരുന്നു. ഈ വർഷവും ഇതിന്റെ സമീപ ഭാഗങ്ങളിൽ കരയിടിച്ചിലുണ്ടായി. റോഡിന്റെ ചിലഭാഗങ്ങൾ വിണ്ടുകീറിയിട്ടുമുണ്ട്.
വലിയ വാഹനങ്ങളും കടന്നുപോകുന്നു
നിലവിൽ ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ, അപകടാവസ്ഥ മനസ്സിലാക്കാതെ വലിയ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. രാത്രികാലങ്ങളിൽ നടന്നുപോകുന്നവരുമുണ്ട്. കാഞ്ഞിലേരി -അലക്സ് നഗർ പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. മൂന്ന് മാസം മുമ്പ് ചെറുകിട ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ നഗരസഭ അധികൃതർ സംഭവത്തിന്റെ ഗൗരവം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിലെ ഇടിഞ്ഞഭാഗങ്ങൾ സന്ദർശിച്ചിരുന്നു. റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതുമൂലം മണ്ണിടിഞ്ഞ് ഗതാഗതതടസ്സം നേരിടുകയാണെന്നകാര്യം എം.എൽ.എ റിയാസിനെ നേരിൽ കണ്ട് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.