പൊലീസ് വിഭജനം: ഇനിയും വൈകും റൂറൽ ഓഫിസ്
text_fieldsശ്രീകണ്ഠപുരം: ജില്ലയിൽ പൊലീസ് വിഭജനം നടത്തി സിറ്റിയും റൂറലും വന്നെങ്കിലും അവ്യക്തതയുടെ വഴിയിൽ റൂറൽ ഓഫിസ്. കണ്ണൂരിൽ സിറ്റി പൊലീസ് കമീഷണറും ഓഫിസുമെല്ലാം നിലവിലെ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. റൂറൽ ഓഫിസ് മാങ്ങാട്ടുപറമ്പിലെ കെ.എ.പി.നാലാം ദളം ക്യാമ്പിൽ പ്രവർത്തനം തുടങ്ങാനായിരുന്നു ധാരണ. എന്നാൽ, ഇതുവരെ ഈയൊരു ഓഫിസ് അവിടെ തുടങ്ങിയിട്ടില്ല. തൽക്കാലം റൂറൽ ഓഫിസ് കണ്ണൂരിൽതന്നെയാണ് പ്രവർത്തിക്കുക. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കേണ്ടുന്ന ഓഫിസിെൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവാത്തതിനാലാണ് ഈയൊരവസ്ഥ.
ഗ്രാമീണ മേഖലയിലെ പ്രധാന കേന്ദ്രത്തിൽ സ്വന്തം കെട്ടിടമൊരുക്കുംവരെ മാങ്ങാട്ടുപറമ്പിലെ നിലവിലുള്ള കെട്ടിടത്തിൽ റൂറൽ ഓഫിസ് പ്രവർത്തിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. സിറ്റി പൊലീസ് കമീഷണറും റൂറൽ എസ്.പിയും ചുമതലയേൽക്കുകയും ചെയ്തു. എന്നിട്ടും റൂറൽ ഓഫിസിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കണ്ണൂരിൽ പ്രവർത്തിക്കാനാണെങ്കിൽ വിഭജനം കൊണ്ട് എന്ത് ഗുണമാണുള്ളതെന്ന ചോദ്യവുമുയരുന്നുണ്ട്. താൽക്കാലിക സ്ഥലത്താണെങ്കിൽ പോലും റൂറൽ ഓഫിസ് പെട്ടെന്ന് പ്രവർത്തനം തുടങ്ങിയാലും ഒട്ടേറെ പ്രതിസന്ധികളുണ്ട്. സിറ്റി പൊലീസ് കമീഷണർ ഓഫിസിലുള്ള എല്ലാ സംവിധാനവും റൂറലിലും വേണം.
ഓഫിസിൽ മാത്രം കുറഞ്ഞത് ആറ് ഡിവൈ.എസ്.പിമാരെ നിയോഗിക്കേണ്ടതുണ്ട്. അഡ്മിനിസ്ട്രേഷൻ, സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, നാർക്കോട്ടിക് സെൽ, ക്രൈംബ്രാഞ്ച്, ഡി.സി.ആർ.ബി എന്നീ ഡിവൈ.എസ്.പിമാരെയാണ് അതിവേഗം നിയമിക്കേണ്ടത്. എന്നാൽ, ഇവിടെ നിയമിക്കാൻ നിലവിൽ ഡിവൈ.എസ്.പിമാരില്ല. അതിനാൽ, സി.ഐമാർക്ക് സ്ഥാനക്കയറ്റം നൽകേണ്ടി വരും. അതിന് ഏറെ സമയവുമെടുക്കും. ഡിവൈ.എസ്.പിമാരില്ലാതെ ജില്ല പൊലീസ് മേധാവിയെ മാത്രം െവച്ച് റൂറൽ ഓഫിസ് പ്രവർത്തിക്കുക സാധ്യവുമല്ല.
മറ്റ് ഓഫിസ് ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. സബ് ഡിവിഷനുകൾ സിറ്റിയിലും റൂറലിലും മാറ്റിയെങ്കിലും റൂറലിെൻറ ഓഫിസ് വരാത്തതിനാൽ പരിധിയിലെ സേനാപ്രവർത്തന നിയന്ത്രണങ്ങളും താളം തെറ്റുമെന്ന ആശങ്കയുണ്ട്. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകൾ റൂറൽ പരിധിയിലാക്കിയപ്പോൾ കണ്ണൂരും തലശ്ശേരിയും സിറ്റിയുടെ കീഴിലായി. ഇരിട്ടി ഡിവൈ.എസ്.പിക്കു കീഴിലുണ്ടായിരുന്ന മട്ടന്നൂർ, വിമാനത്താവളം എന്നീ പൊലീസ് സ്റ്റേഷനുകളെ സിറ്റി പരിധിയിലാക്കി. അതിനാൽ, കണ്ണൂരിലെ സിറ്റി എ.സി.പി ക്കാണ് ഈ സ്റ്റേഷനുകളുടെ ചുമതല വരുക.റൂറൽ ഓഫിസ് വന്നശേഷം സബ്ഡിവിഷൻ വിഭജനവും നടത്തേണ്ടതുണ്ട്. തളിപ്പറമ്പ് സബ്ഡിവിഷൻ വിഭജിച്ച് പയ്യന്നൂരിലും ഇരിട്ടിയെ വിഭജിച്ച് പേരാവൂരിലുമാണ് പുതിയ ഡിവൈ.എസ്.പി ഓഫിസുകൾ തുടങ്ങുക. തളിപ്പറമ്പിലോ ശ്രീകണ്ഠപുരത്തോ റൂറൽ ഓഫിസിന് സ്വന്തം കെട്ടിടമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.