വിവാദങ്ങൾക്കിടെ കൊയ്യം റോഡിൽ കുഴിയടക്കൽ
text_fieldsശ്രീകണ്ഠപുരം: പണി പാതിവഴിയിൽ നിലച്ചതിനെ തുടർന്ന് ദുരിതയാത്ര പതിവായ കൊയ്യം ടൗൺ റോഡിൽ ഒടുവിൽ കുഴിയടക്കൽ നടത്തി. റോഡിലെ ദുരിത യാത്ര സംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത വരുകയും നാടൊന്നാകെ വീണ്ടും സമരപ്രഖ്യാപനം നടത്തുകയും ചെയ്തതോടെയാണ് കരാറുകാർ ബുധനാഴ്ച കൊയ്യത്ത് ജെ.സി.ബി ഇറക്കി കുഴിയടക്കൽ നടത്തി താത്ക്കാലിക പരിഹാരമുണ്ടാക്കിയത്. ഇനിയും മഴ പെയ്തില്ലെങ്കിൽ ദുരിതത്തിന് താത്ക്കാലിക ആശ്വാസമാകും. മഴ നിൽക്കുന്നതോടെ കൊയ്യം ടൗൺ ഭാഗത്തും മയ്യിൽ വേളം ഭാഗത്തും മെക്കാഡം ടാറിങ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചത്. പണി തുടങ്ങി രണ്ടര വർഷമാകുമ്പോഴും വളക്കൈ-കൊയ്യം റോഡിലെ നരകയാത്രക്കറുതിയാവാത്തത് വലിയ കോലാഹലങ്ങൾക്കിടയാക്കിയിരുന്നു.
റോഡിന്റെ ആദ്യഘട്ട ടാറിങ് മാത്രമാണ് ഭാഗികമായി ഇതുവരെ നടന്നത്. ആദ്യഘട്ട ടാറിങ് നടത്താത്ത ഭാഗങ്ങളെല്ലാം വലിയ കുഴികളും ചെളിക്കുളവുമാണ്. മഴ തുടങ്ങിയതിനു ശേഷം ഇതുവഴി കാൽനടയാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. കൊയ്യം ടൗൺ മുതൽ മയ്യിൽ വളം വരെ യുള്ള ഭാഗത്തെ പണി നടത്താത്തതിനാലാണ് നരകയാത്ര പതിവായത്. കൊയ്യം ടൗണിലടക്കം നിരവധി ബസുകൾ എത്തുന്നുണ്ടെങ്കിലും വലിയ ദുരിതമാണിവിടെയുള്ളത്. ചെക്കിക്കടവ് പാലം കഴിഞ്ഞാൽ വേളം വരെയും പൊട്ടിത്തകർന്നു കിടക്കുകയാണ്. റിവൈസ്ഡ് എസ്റ്റിമേറ്റുണ്ടാക്കിയതിനെ തുടർന്ന് ഈ ഭാഗം പണി നടത്താൻ സർക്കാർ 80 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. എന്നിട്ടും അധികൃതരുടെ കെടുകാര്യസ്ഥതയിൽ പണി വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.