സ്ഥാനക്കയറ്റം നീളുന്നു; എസ്.എച്ച്.ഒമാരില്ലാതെ സ്റ്റേഷനുകൾ
text_fieldsശ്രീകണ്ഠപുരം: സീനിയോറിറ്റിയെ ചൊല്ലി എ.ആര്, ലോക്കല്‍ എസ്.ഐമാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുടുങ്ങി എസ്.എച്ച്.ഒ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം വൈകുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലടക്കം സംസ്ഥാനത്തെ പല സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരില്ലാത്ത അവസ്ഥ.
സ്റ്റേഷൻ ചുമതല വഹിക്കേണ്ട എസ്.എച്ച്.ഒമാരായ സി.ഐമാരില്ലാത്തതിനാൽ ഒട്ടനവധി പൊലീസ് സ്റ്റേഷനുകളിൽ ഇപ്പോഴും പ്രിൻസിപ്പൽ എസ്.ഐമാർ തന്നെയാണ് ചുമതല വഹിക്കുന്നത്. എ.ആര് വിഭാഗം ഇല്ലാതായതോടെയാണ് ആ വിഭാഗത്തില്‍ നിന്ന് എസ്.ഐമാരെ ലോക്കലിലേക്ക് നിയമിച്ചു തുടങ്ങിയത്. ഇത് ലോക്കല്‍ എസ്.ഐമാരുടെ സീനിയോറിറ്റിയെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം.
ലോക്കലില്‍ ഏറെക്കാലം സര്‍വിസുള്ളവരെ മറികടന്ന് എ.ആറിലുള്ളവര് ഉന്നത തസ്തികയില്‍ എത്തുന്നുവെന്നായിരുന്നു ലോക്കൽ എസ്.ഐമാരുടെ പരാതി. ആഭ്യന്തര വകുപ്പ് പ്രശ്നത്തിൽ ഇടപെടൽ നടത്താത്തതിനെത്തുടര്‍ന്ന് ലോക്കല്‍ എസ്.ഐമാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസ് നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്.
ഇതേ തുടര്‍ന്നാണ് എസ്.ഐമാര്‍ക്ക് എസ്.എച്ച്.ഒമാരായി സ്ഥാനക്കയറ്റം നല്‍കുന്നത് നിര്‍ത്തിവെച്ചത്. ഇത് കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എസ്.എച്ച്.ഒമാരാകേണ്ട പലരും ഇപ്പോഴും എസ്.ഐ തസ്തികയില്‍ തുടരുകയാണ്. സ്ഥാനക്കയറ്റം നിലച്ചതോടെ പല സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ലയില്‍ കണ്ണവം, കേളകം, ധര്‍മടം, പിണറായി, മുഴക്കുന്ന്, ഇരിക്കൂര്‍, പരിയാരം തുടങ്ങിയ സ്റ്റേഷനുകളില്‍ നിലവില്‍ എസ്.എച്ച്.ഒമാരില്ല. ഇവിടെയെല്ലാം എസ്.ഐമാര്‍ക്കാണ് സ്റ്റേഷന്റെ ചുമതല. ചിലയിടങ്ങളിൽ ഈ മാസം 31ന് എസ്.എച്ച്.ഒമാർ വിരമിക്കുന്നുമുണ്ട്. അവിടങ്ങളിലും പുതിയ നിയമനം നടക്കില്ലെന്നതാണ് സ്ഥിതി.
അതേസമയം തര്‍ക്കത്തിൽപ്പെടാത്ത സ്ഥാനക്കയറ്റം ലഭിക്കേണ്ടുന്ന 30 ഓളം എസ്.ഐമാരുടെ പട്ടിക സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. എന്നാല്‍, പൊലീസിലെ ചില ഉന്നതര്‍ തമ്മിലുള്ള ചരടുവലി കാരണം അവരുടെ നിയമനവും നീളുകയാണത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.