രാമകൃഷ്ണൻ പറയുന്നു; ഇവിടെയുണ്ട് ആകാശവെള്ളരി
text_fieldsശ്രീകണ്ഠപുരം: വെള്ളരിക്കാലം കഴിഞ്ഞെങ്കിലും പലരും കണ്ടുശീലമില്ലാത്ത ആകാശ വെള്ളരി വിളവെടുത്തിരിക്കുകയാണ് കാഞ്ഞിലേരി ബാലങ്കരിയിലെ പി.വി. രാമകൃഷ്ണൻ. സാധാരണ വെള്ളരിനിലത്ത് വേരോടി വള്ളി പടർന്ന് കായ്ക്കുമ്പോൾ ആകാശവെള്ളരി മേലാപ്പിലോ മരങ്ങളിലോ പന്തൽ കെട്ടി വളർത്തിയാണ് കൃഷിചെയ്യേണ്ടത്.
രണ്ടുവർഷം മുമ്പ് സ്വകാര്യ നഴ്സറിയിൽ നിന്ന് വാങ്ങിയ തൈ ആണ് കൃഷിക്കായി ഉപയോഗിച്ചത്. ഔഷധസസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നുണ്ട്. തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂർവ സസ്യവുമാണ് ആകാശവെള്ളരി. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളിൽ വളർത്തി വിളവെടുക്കാം. പാഷൻഫ്രൂട്ടിെൻറ വർഗത്തിൽപ്പെട്ടതാണ് ഈ സസ്യം.
പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നീ പോഷകങ്ങളാൽ സമ്പുഷ്ടമായ ആകാശവെള്ളരി പ്രമേഹം, രക്തസമ്മർദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങക്കെതിരെയുള്ള ഉത്തമ ഔഷധമാണെന്നാണ് രാമകൃഷ്ണൻ പറയുന്നത്. രണ്ട് കിലോഗ്രാം വരെ തൂക്കംവെക്കുന്ന ആകാശവെള്ളരി കായ്കൾ ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും വിളഞ്ഞു പഴുത്തുകഴിഞ്ഞാൽ പഴമായും ഉപയോഗിക്കാം. ഔഷധ ഗുണങ്ങളേറെയുള്ള ആകാശവെള്ളരിയുടെ കൃഷി വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് രാമകൃഷ്ണനും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.