കവർച്ച കേസ് പ്രതി ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ; നിരവധി കവർച്ചകൾക്ക് തുമ്പായി
text_fieldsശ്രീകണ്ഠപുരം: കൂട്ടുംമുഖത്തെ മലഞ്ചരക്ക് സംഭരണശാല കുത്തിത്തുരന്ന് കവര്‍ച്ച നടത്തിയ കേസില്‍ നടുവില്‍ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന് സന്തോഷ് (39) അറസ്റ്റിൽ. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ സുബീഷ് മോനും സംഘവുമാണ് മയ്യില്‍ എട്ടേയാറില്വെച്ച് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചയാണ് കൂട്ടുംമുഖം പഴയ ടൗണില്‍ മുഹമ്മദ്കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള എ.പി.എസ് ട്രേഡേഴ്സിെൻറ സംഭരണശാലയില്‍നിന്ന് 400 കിലോ ഒട്ടുപാലും 40 കിലോ റബര്‍ ഷീറ്റും കവര്‍ന്നത്. ഗോഡൗണിെൻറ പിറകുവശത്തെ ചുവര് തുരന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയുടെ രീതിവെച്ച് തൊരപ്പനാണ് ഇതിന് പിറകിലെന്ന് പൊലീസ് സംശയിച്ചിരുന്നു.
കൈയുറ ഉപയോഗിച്ചതിനാല്‍ സ്ഥലത്തുനിന്ന് വിരലടയാളമൊന്നും ലഭിച്ചിരുന്നില്ല. സി.സി.ടി.വിയില്‍നിന്ന് അവ്യക്തമായ ദൃശ്യം ലഭിച്ചിരുന്നു. തൊരപ്പന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ ഉള്ളസ്ഥലം കണ്ടെത്തുക ദുഷ്കരമായിരുന്നു.
എന്നാല്‍, നേരത്തേ മറ്റൊരു കേസില്‍ തൊരപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ കൂട്ടുപ്രതിയായ ഹരീഷ് പാവന്നൂരില്‍ താമസസൗകര്യം ഒരുക്കിയെന്ന വിവരം മനസ്സിലാക്കിയ പൊലീസ് അവിടെ നിരീക്ഷിച്ചുവരുകയായിരുന്നു. എട്ടേയാറിന് സമീപമുള്ള കള്ളുഷാപ്പില്‍നിന്ന് മടങ്ങുന്നതിനിടെ വണ്ടി തടഞ്ഞ് പൊലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.
മംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു സന്തോഷ്. കവര്‍ച്ച ചെയ്ത റബര്‍ഷീറ്റ് മണത്തണയിലെ ഒരു കടയിലാണ് വിറ്റത്. തൊരപ്പനില്നിന്ന് സ്ഥിരമായി കവര്‍ച്ച മുതലുകള്‍ വാങ്ങുന്ന സ്ഥാപനമാണത്രെ ഇത്. അതിനാല്‍, ഈ സ്ഥാപന ഉടമയെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യം പൊലീസ് പരിശോധിക്കും. കൂട്ടുംമുഖത്ത് നിന്ന് കവര്‍ച്ച ചെയ്ത റബര്‍ഷീറ്റുകള്‍ ഈ കടയില്‍നിന്ന് കണ്ടെടുത്തു. കവർച്ച മുതലുകൾ കടത്തിയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് അക്കിപ്പറമ്പ് സ്വദേശി നൽകിയ വണ്ടിയാണിത്. കൂട്ടുംമുഖത്തെ കവര്‍ച്ചയുടെ പിറ്റേദിവസം രാത്രി ഇരിട്ടിയിലെ ഐഡിയല്‍ ടൂള്‍സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയോളം കവര്‍ച്ച ചെയ്തതും തൊരപ്പനാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പിലും മട്ടന്നൂരിലും നടന്ന കവര്‍ച്ചക്കു പിന്നിലും ഇയാളാണെന്ന് സൂചനയുണ്ട്. കവര്‍ച്ച നടന്ന കൂട്ടുംമുഖത്തെ സ്ഥാപനത്തില്‍ തൊരപ്പനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കട കുത്തിത്തുരക്കാന് ഉപയോഗിച്ച ഇരുമ്പ് കഷണം റോഡരികിൽനിന്ന് കണ്ടെടുത്തു.
കൂട്ടുംമുഖത്തെ കവര്‍ച്ച നടന്ന് 48 മണിക്കൂറിനകമാണ് തൊരപ്പന് പിടിയിലായത്. എസ്.ഐ പി.പി. അശോകന്, സീനിയര്‍ സി.പി.ഒമാരായ കെ.വി. ബിജു, കെ. സജീവന്, സി.പി.ഒമാരായ കെ.ഐ. ശിവപ്രസാദ്, സി.എന്‍. രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാര്‍ വിശദമായി ചോദ്യം ചെയ്തശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. ജില്ലയിലും പുറത്തുമായി 70ഓളം കവർച്ച കേസുകളിൽ പ്രതിയാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങുമ്പോഴെല്ലാം ഒട്ടേറെ കവർച്ചകൾ ഒന്നിച്ചു നടത്തുകയെന്നതാണ് ഇയാളുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.