മാധ്യമം വാർത്ത തുണയായി സഫ്നാസിന്റെ ചികിത്സയും പഠനവും ഏറ്റെടുത്തു
text_fieldsശ്രീകണ്ഠപുരം: അന്ധതയോടും ജീവിത ദുരിതങ്ങളോടും പടവെട്ടി ഒന്നാം റാങ്ക് നേടിയ സഫ്നാസിന് മുടങ്ങാതെ പഠനം തുടരാം. കോയമ്പത്തൂർ കണ്ണാശുപത്രിയിലെ തുടർചികിത്സയും രണ്ടു വർഷത്തെ തുടർ പഠനവും സാമൂഹിക പ്രവർത്തകനും ഐ കെയർ മാട്രസ് കണ്ണൂർ ഡീലറുമായ കെ.പി. റഷീദ് ഏറ്റെടുത്തു. കാഴ്ചവൈകല്യമുള്ള കുറുമാത്തൂരിലെ ഫാത്തിമത്തുൽ സഫ്നാസ് കണ്ണൂർ സർവകലാശാല ബി.എ ചരിത്രം പരീക്ഷയിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിൽനിന്ന് ഒന്നാം റാങ്ക് നേടിയ വാർത്ത ജൂൺ എട്ടിന് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക പരാധീനത തുടർ ചികിത്സക്കും പഠനത്തിനും തടസ്സമാകുന്ന കാര്യം വാർത്തയിൽ പരാമർശിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ സഫ്നാസിന്റെ വീട്ടിലെത്തി റഷീദ് തുക കൈമാറി. കുറുമാത്തൂർ പഞ്ചായത്ത് മുൻ അംഗവും സാമൂഹിക പ്രവർത്തകനുമായ റസാഖ് കുറുമാത്തൂരും വീട്ടിലെത്തി. സഫ്നാസിന്റെ വലതു കണ്ണിന് ജന്മന ഒട്ടും കാഴ്ചയില്ല. ഇടതുകണ്ണിന് നാമമാത്ര കാഴ്ച മാത്രമാണുള്ളത്. മറ്റ് ജീവിത ദുരിതങ്ങൾ ഒരുപാടുണ്ട്. കാഴ്ചയില്ലാതെ ഒന്നാം റാങ്ക് നേടിയ ഈ പ്രതിഭ ‘മധുരിക്കുന്ന ഉപ്പ്’ എന്ന പേരിൽ കഥാസമാഹാരവും പുറത്തിറക്കിയിരുന്നു. തിരൂർ തുഞ്ചത്തെഴുച്ഛൻ മലയാള സർവകലാശാലയിൽ ബിരുദാനന്തര പഠനം നടത്താനാണ് സഫ്നാസിന്റെ ആഗ്രഹം.
കുറുമാത്തൂർ കടവ് അംഗൻവാടിക്കടുത്ത് ആക്രി വ്യാപാരി പി.പി. അബൂബക്കറിന്റെയും സി. അഫ്സത്തിന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.