മാരക ലഹരിമരുന്ന് വിൽപന; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: അതിമാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്തുന്ന രണ്ട് യുവാക്കൾകൂടി അറസ്റ്റിൽ. കൊട്ടൂർവയലിലെ മടത്തുംതാഴെ വീട്ടിൽ എം.ടി. റിയാസ് (27)കൊട്ടൂരിലെ പെരേരകത്ത് വീട്ടിൽ ജംഷീർ (30) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അരുൺകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരം കൊട്ടൂർ വയൽ, കോട്ടൂർ, മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അടുത്ത കാലത്ത് വിദേശത്തുനിന്ന് നാട്ടിലെത്തിയയാളാണ് റിയാസ്. ഇയാളുടെ പക്കൽനിന്ന് 125 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ജംഷീറിന്റെ കൈയിൽനിന്ന് 175 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ജംഷീറും റിയാസും ശ്രീകണ്ഠപുരത്തെയും മലയോര മേഖലയിലെയും പ്രധാന ലഹരിമരുന്ന് വിൽപനക്കാർ കൂടിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ജംഷീർ ഏറക്കാലമായി ലഹരിക്കുമരുന്ന് കടത്തി വിദ്യാർഥികൾക്കടക്കം വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനാൽ എക്സൈസിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. കണ്ണൂർ ചൊവ്വയിൽനിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങിയതെന്നാണ് മൊഴി നൽകിയത്.
പ്രിവന്റിവ് ഓഫിസർമാരായ കെ. രത്നാകരൻ, പി.ആർ. സജീവ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർ പി.വി. പ്രകാശൻ, സി.ഇ.ഒ മാരായ എം. ഗോവിന്ദൻ, പി. ഷിബു, ടി.പി. സുദീപ്, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. രണ്ടു ദിവസം മുമ്പ് ലഹരിമരുന്ന് വിൽപനക്കിടെ രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.